മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു. നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. മോദി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. പാന്‍ക്രിയാസിലെ ക്യാന്‍സര്‍ ബാധയ്ക്ക് ദീര്‍ഘ നാളുകളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ മാസത്തിലാണ് പരീക്കര്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ സ്ഥിതി വഷളാകുകയായിരുന്നു.

രോഗബാധയെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്കറുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് ട്വീറ്റ് ചെയ്തിരുന്നു

1955 ഡിസംബര്‍ 13ന് ഗോവയിലെ മാപുസയിലാണ് മനോഹര്‍ പരീക്കര്‍ എന്ന മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ ജനിച്ചത്. ആര്‍എസ്എസിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. മുബൈ ഐഐടിയില്‍ നിന് എന്‍ജീനീയറിംഗ് ബിരുദം നേടിയ അദ്ദേഹം പഠന കാലയളവില്‍ തന്നെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി.

1994ലാണ് ആദ്യമായി എംഎല്‍എ ആകുന്നത്. 1999 ല്‍ പ്രതിപക്ഷ നേതാവായി. സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. 2000ലാണ് ഗോവയില്‍ ബിജെപി ആദ്യമായി ഭരണത്തിലെത്തുന്നത്. അന്ന് ഗോവയുടെ നേതൃസ്ഥാനത്ത് പരീക്കറുണ്ടായിരുന്നു. എന്നാല്‍ 2002 ഫെബ്രുവരിയില്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭയുമായി വീണ്ടും ഗോവയുടെ മുഖ്യമന്ത്രിയായി.

2012ല്‍ വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. മൂന്നാമത്തെ നിയോഗമായിരുന്നു അത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്രപ്രതിരോധമന്ത്രിയായി.2014മുതല്‍ 2017വരെയാണ് പ്രതിരോധ മന്ത്രിയായിരുന്നത്. 2017ല്‍ രാജി വച്ച അദ്ദേഹം പനജിയില്‍ ജന വിധി തേടി നിയമസഭാംഗമായി.