മത്സരിക്കാന്‍ തയ്യാറായി തുഷാര്‍ ‍; ബി ജെ പി സ്ഥാനാര്‍ഥി പട്ടിക ത്രിശങ്കുവില്‍

സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കടുത്ത അനിശ്ചിതത്വം . നിലവിലെ പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കൂടുതല്‍ നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.

പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍ അവസാനം ആറ്റിങ്ങലിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയാണ് ശോഭാ സുരേന്ദ്രന്‍. കോഴിക്കോടില്ലെങ്കില്‍ മത്സരിക്കാനേ ഇല്ലെന്ന നിലപാടിലാണ് എംടി രമേശ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ ചേരാത്തതിന്റെ അനിശ്ചിതത്വം വേറെ. മുന്‍ നിര നേതാക്കളെല്ലാം ഇടഞ്ഞതോടെ തീരുമാനം എടുക്കാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര നേതൃത്വം.

അതേസമയം ആരെല്ലാം മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം രാജശേഖരന്‍ പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്നും പറയുന്നു.

ആലപ്പുഴയില്‍ കെ എസ് രാധാകൃഷ്ണന്‍ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ ധാരണ. കുമ്മനം രാജശേഖന്‍ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്ന് ധാരണ ആയത് ഒഴിച്ച് നിര്‍ത്തിയാല്‍ സമ്പൂര്‍ണ്ണ അനിശ്ചിതത്വമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നിലനില്‍ക്കുന്നത് .

അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിച്ചേക്കും. ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.

തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ‘എ ക്ലാസ് സീറ്റ്’ എന്ന് ബിജെപി വിശേഷിപ്പിക്കുന്ന തൃശൂര്‍ ബിഡിജെഎസിന് നല്‍കാന്‍ തയ്യാറാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചത്. ബിജെപി കേന്ദ്ര നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തുഷാര്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നില്ല.