പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കില്ല; നിലപാട് കടുപ്പിച്ച് അൽഫോൺസ് കണ്ണന്താനം
ലോക്‌സഭാ സീറ്റില്‍ പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ല എന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ നിലപാട് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാടി കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്കി.
ശബരിമല പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന പത്തനംതിട്ട മണ്ഡലത്തിനായി നേതാക്കള്‍ക്കിടയില്‍ ശക്തമായ വടംവലിയാണ് നടക്കുന്നത്. നേരത്തേ തന്നെ പത്തനംതിട്ട ജില്ലക്കായി എം ടി രമേശും കെ സുരേന്ദ്രനും രംഗത്തുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയര്‍ത്തിയ കാര്യമാണ് എം ടി രമേശ് ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനമായി വോട്ട് വിഹിതം കൂട്ടിയത് തന്റെ കൂടി പ്രവര്‍ത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെടുന്നുണ്ട്.
പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശ്ശൂര്‍ വേണമെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. എന്നാല്‍ തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കളത്തിലിറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യം. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കടുത്ത വടംവലിയാണ് ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത്.