ജയരാജനെ നേരിടാന്‍ മുരളീധരന്‍ ; വടകരയില്‍ അങ്കം കടുക്കും
വടകര സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് അവസാനം. ജയരാജനെ നേരിടാന്‍ മുരളീധരന്‍ എത്തും. എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് വടകരയില്‍ കെ മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മുരളീധരന്റെ ജയം സുനിശ്ചിതമാണ്. പി ജയരാജന്‍ ദുര്‍ബല സ്ഥാനാര്‍ഥിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ആദ്യമേ തോറ്റു എന്ന വികാരത്തോടെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരമാണ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.
നേരത്തെ രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റില്‍ സ്ഥാനാര്‍ഥി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റിന് വിട്ടിരുന്നു. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ – ഐ ഗ്രൂപ്പുകള്‍ തുറന്ന പോര് തുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കമാന്റ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തത്.
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വി എം സുധീരന്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന നേതൃത്വം സമീപിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടത്.
വയനാട്ടില്‍ സിദ്ദിഖിനായി നിര്‍ബന്ധം പിടിച്ച ഉമ്മന്‍ചാണ്ടിയാണ് പ്രശ്ങ്ങള്‍ക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുമ്പോള്‍ പാലക്കാടും കാസര്‍കോടും വിട്ടു വീഴ്ച ചെയ്തിട്ടും വയനാട്ടില്‍ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. സിദിഖിനെ വടകര ഇറക്കി വയനാട് ഷാനി മോള്‍ക്ക് നല്‍കണമെന്ന ഐ ഗ്രൂപ്പ് ഫോര്‍മുലക്കും എ വഴങ്ങിയില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അല്ല സിദിഖിനായി നിര്‍ബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി.
കേരളത്തില്‍ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയപ്പോള്‍ വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഈ നാലിടത്തും സ്ഥാനാര്‍ത്ഥി ആരാവണമെന്നത് സംബന്ധിച്ച് രൂക്ഷമായ തര്‍ക്കം പട്ടിക നിര്‍ണയത്തിന്റെ തുടക്കം മുതല്‍ നേരിട്ടിരുന്നു.
തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും എ ഐ ഗ്രൂപ്പ് തര്‍ക്കം തുറന്ന പോരിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്ദുള്‍ മജിദ്, പി എം നിയാസ്, എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. വി വി പ്രകാശന്റേയും കെ.മുരളീധരന്റേയും പേരുകളും പരിഗണനാ പട്ടികയിലുണ്ടായിരുന്നു.