കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ; അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു

ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ആകുന്നു. അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി മന്ത്രി അടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജാര്‍പും ഗാമ്പിന്‍, സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി കുമാര്‍ വെയ്, ടൂറിസം മന്ത്രി ജാര്‍കര്‍ ഗാംലിന്‍ എന്നിവരും ആറ് എം.എല്‍.എമാരും ബി.ജെ.പി വിട്ടവരില്‍ ഉള്‍പ്പെടുന്നു.

മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതാണ് ബിജെപി ഉപേക്ഷിക്കാന്‍ കാരണമായി ഇവര്‍ പറയുന്നത്.ഇവര്‍ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേര്‍ന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട ഞെട്ടലിലാണ് സംസ്ഥാന ബിജെപി. എന്‍.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷി ആണെങ്കിലും തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 60 അംഗ നിയമസഭയില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ വന്‍വിജയം നേടി അധികാരത്തിലെത്തുമെന്നാണ് കോണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയുടെ പ്രതീക്ഷ.

ബി.ജെ.പിയില്‍ കുടുംബാധിപത്യമാണെന്ന് രാജിവെച്ച ആഭ്യന്തരമന്ത്രി കുമാര്‍ വെയ് പറഞ്ഞു. കുടുംബാധിപത്യത്തെ ചൊല്ലി കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ബി.ജെ.പിയുടെ അരുണാചലിലെ അവസ്ഥ നോക്കൂ. മുഖ്യമന്ത്രിയുടെ കുടുംബം മൂന്ന് സീറ്റുകളാണ്കൈ വശപ്പെടുത്തിയിരിക്കുന്നതെന്ന് കുമാര്‍ വെയ് വിശദമാക്കി.

ത്രിപുരയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ മുന്നണി വിട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്.