കേരളത്തിലെ ഭൂഗർഭ ജല നിരപ്പ് ക്രമാതീതമായി കുറയുന്നു
കനത്ത ചൂടിനു പിന്നാലെ സംസ്ഥാനത്തെ ആശങ്കയിലാക്കി ക്രമാതീതമായി ഭൂഗര്‍ഭ ജല നിരപ്പ് കുറയുന്നു. കാസര്‍കോടും പാലക്കാടുമാണ് രണ്ട് മീറ്ററോളം ജലനിരപ്പ് താഴ്ന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെക്കാളും താഴെയാണ് ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞിരിക്കുന്നത്. 75 സെന്റിമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് കുറവ്.
ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കുറവ് കാസര്‍ക്കോട് ബ്ലോക്കിലും പാലക്കാട് മലമ്പുഴ ബ്ലോക്കിലുമാണ്. എല്ലാ വര്‍ഷവും ഇവിടങ്ങളില്‍ ജല വിതാനം താഴാറുണ്ട്. ഇത്തവണ രണ്ടിടത്തും വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ രണ്ട് മീറ്റര്‍ ജലവിതാനം താഴ്ന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് മീറ്ററിനടുത്ത് ജലവിതാനം കുറഞ്ഞു.
നിയന്ത്രണങ്ങള്‍ ലംഘിച്ച് പലയിടങ്ങളിലും നടക്കുന്ന ജല ചൂഷണം അടിയന്തിരമായി തടയണമെന്ന് ഭൂഗര്‍ഭ ജലവകുപ്പ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ പക്ഷെ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ഭൂഗര്‍ഭജല വകുപ്പിന്റെ 756 വട്ടര്‍ ഒബ്‌സര്‍വേറ്ററികളില്‍ നിന്ന് ഫെബ്രുവരിയില്‍ കിട്ടിയ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.