ബ്രെക്സിറ്റ് പ്രക്രിയയുടെ സമയപരിധി നീട്ടാന്‍ തെരേസ മേ ശ്രമം തുടങ്ങി
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്ന ബ്രെക്‌സിറ്റ് പ്രക്രിയയുടെ സമയപരിധി നീട്ടാന്‍ തെരേസ മേ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ കരാര്‍ രഹിതമായോ കരാര്‍ അധിഷ്ഠിതമായോ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടതുണ്ട്.
എന്നാല്‍, പുറത്ത് പോകുന്നതിന് ബ്രിട്ടന്റെ മുന്നില്‍ പ്രതിന്ധിയായി നില്‍ക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. പുറത്ത് പോകല്‍ കരാറിനെ ബ്രിട്ടീഷ് എംപിമാര്‍ അംഗീകരിക്കാതിരിക്കുന്നതും വിവിധ രാജ്യങ്ങളുമായി ഒപ്പുവയ്‌ക്കേണ്ട സ്വതന്ത്ര വ്യാപാര കരാറുകളില്‍ പലതും പൂര്‍ണമായിട്ടില്ലെന്നതുമാണ് ബ്രിട്ടനെ പ്രതിസന്ധിയിലാക്കുന്നത്.
അതേസമയം വ്യക്തവും കൃത്യതയോടെയും തയ്യാറാക്കുന്ന പദ്ധതി ഇല്ലാതെ മേയുടെ അപേക്ഷ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കാന്‍ സാധ്യതയില്ല. രണ്ട് വര്‍ഷത്തേക്കെങ്കിലും പുറത്തുപോകല്‍ സമയ പരിധി നീട്ടാനാണ് ബ്രിട്ടണ്‍ ഇപ്പോള്‍ തിരക്കിട്ട് ശ്രമിക്കുന്നത്. കുറഞ്ഞ പക്ഷം ബ്രെക്‌സിറ്റ് ജൂണ്‍ 30 വരെയെങ്കിലും നീട്ടി വയ്ക്കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം.
ബ്രിക്‌സിറ്റ് നീട്ടിവയ്ക്കുന്നതിനായി ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനോട് അപേക്ഷിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളോട് ഇതിന്റെ ഭാഗമായി ബ്രിട്ടന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.