ജീവന് ഭീഷണിയുണ്ട്, പക്ഷെ റോഷനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നിര്‍മ്മാതാവ്

താനും തന്റെ കുടുംബവും നിരന്തര ഭീഷണികള്‍ നേരിടുന്നതായി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി. കേസുമായി മുന്നോട്ടു പോകവെ തനിക്കും തന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാലും റോഷന്‍ ആന്‍ഡ്രൂസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണമെന്നും ആല്‍വിന്‍ ആന്റണി കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടുംബത്തോടൊപ്പമാണ് ആല്‍വിന്‍ ആന്റണി വാര്‍ത്താ സമ്മേളനം നടത്തിയത്.

ഭയമുണ്ട് പക്ഷെ പോലീസ് നല്ല ധൈര്യ തരുന്നുണ്ട്. അതുകൊണ്ട് കേസില്‍ നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു.

കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിനാല്‍ മകനെതിരെ കള്ളക്കേസ് നല്‍കാനുള്ള ശ്രമമുണ്ടെന്നും ആല്‍വിന്‍ ആന്റണിയും കുടുംബം നേരെത്തെ ആരോപിച്ചിരുന്നു. ആല്‍വിന്‍ ആന്റണിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിനെതിരെ ആല്‍വിന്‍ ആന്റണിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ നടപടി വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കി. ഇരുകൂട്ടര്‍ക്കുമെതിരെ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു.

ആല്‍വിനെയും കുടുംബത്തെയും റോഷന്‍ ആന്ട്രൂസും സുഹൃത്തും വീട്ടില്‍ കയറി മര്‍ദിച്ചു എന്നാണ് കേസ്.