പ്രവാസികളെ പ്രയാസത്തിലാക്കി സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചു

നാട്ടില്‍ സ്‌കൂളവധി ആരംഭിക്കാനിരിക്കെ സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് പുറപ്പെടാനിരുന്ന പല കുടുംബങ്ങളും ഇതോടെ പ്രയാസത്തിലാക്കി ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചതായി റിപ്പോര്‍ട്ട്. മുംബെയിലെ സൗദി കോണ്‍സുലേറ്റില്‍ വിസാ സ്റ്റിക്കര്‍ തീര്‍ന്നതാണ് കാരണം എന്നാണ് സൂചന. മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ ഇതോടെ പ്രയാസത്തിലായി. ഈയാഴ്ച സൌദിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ പലരുടെയും യാത്ര റദ്ദ് ആയി. വ്യാഴം വെള്ളി ദിവസങ്ങളില്‍ വിസ സ്റ്റാമ്പിംഗ് മുടങ്ങി.

ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്. തിങ്കളാഴ്ച വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പ്രതീക്ഷ. മുന്‍കൂട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നാണ് സൂചന. അടുത്തയാഴ്ച മുതല്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കുകയാണ്. കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന വിസിറ്റ് വിസയുടെ സ്റ്റിക്കര്‍ തീര്‍ന്നു പോയതാണ് സ്റ്റാമ്പിംഗ് നിന്നുപോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

വിസിറ്റ് വിസാ അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതാണ് സ്റ്റോക്ക് പെട്ടെന്ന് തീരാന്‍ കാരണമെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറഞ്ഞു. ചൊവ്വാഴ്ചക്ക് ശേഷം സബ്മിറ്റ് ചെയ്ത വിസാ അപേക്ഷകള്‍ കോണ്‍സുലേറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തിട്ടില്ല.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് വിസിറ്റ് വിസയില്‍ ഇപ്പോള്‍ സൗദിയിലേക്ക് വരുന്നത്. ലെവി താങ്ങാനാകാത്ത ഫാമിലി വിസ റദ്ദാക്കി ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോയ പല കുടുംബങ്ങളും വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഉംറ വിസകള്‍ക്ക് തടസ്സങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഉംറ വിസ സ്റ്റാമ്പ് ചെയ്തു സൌദിയിലേക്ക് പുറപ്പെടാന്‍ ഉണ്ടായിരുന്ന സമയപരിധി ഒരു മാസത്തില്‍ നിന്നും പതിനഞ്ചു ദിവസമായി കുറച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.