രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി

തര്‍ക്കം തുടരുന്ന വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേരള നേതാക്കളുടെ ആവശ്യം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു .

ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്‍മാറാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

നേരത്തെ കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു നേരത്തേ കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദ്ദേശം.

ഇതിന് പിന്നാലെ വയനാട്ടില്‍ തട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ചര്‍ച്ചകള്‍ക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുല്‍ജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

രാഹുലിന്റെ മനസ് അറിയാനായിരുന്നു ചോദ്യമെങ്കിലും വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ അതിന്റെ ആവേശമുണ്ടാകുമെന്നും നേരത്തെ തന്നെ കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു.

വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും ആയിരുന്നു അന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ താന്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നത് അമേഠിയില്‍ നിന്നുതന്നെയാകുമെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എം എല്‍ എമാരായ വി ടി ബല്‍റാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു. നേരത്തെ കര്‍ണാടകം കൂടാതെ തമിഴ്‌നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍നിന്ന് രാഹുല്‍ ഗാന്ധിക്കായി ഉയര്‍ത്തിക്കാട്ടിയത്. നിലവില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നുള്ള എം പിയാണ് രാഹുല്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബി ജെ പി രംഗത്തിറക്കുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ എതിരാളി.