അധികാരഭ്രാന്തന്‍മാര്‍ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമോ?

കാരൂര്‍ സോമന്‍

മതഭ്രാന്ത്, വര്‍ഗ്ഗിയ ഭ്രാന്ത്, മസ്തിഷ്‌കഭ്രാന്തു് ഇങ്ങനെ ഭ്രാന്ത് പലവിധത്തിലുണ്ട്. ഓരോ തെരഞ്ഞെടുപ്പുകളും പ്രതിക്ഷകളും സ്വപ്നങ്ങളും നല്‍കി നമ്മുടെ ഹൃദയവും അപഹരിച്ചുകൊണ്ടുപോകുന്നു. ഡല്‍ഹിയില്‍ 91 വയസ്സുള്ള എല്‍.കെ.അദ്വാനിയും, കേരളത്തില്‍ ഏറെ പ്രായമുള്ള തോമസ് മാഷും സീറ്റ് കിട്ടാത്തതില്‍ ഉത്കണ്ഠാകുലരാണ്. അധികാരം പോയാല്‍ പോലീസ് സല്യൂട്ട് ചെയ്യില്ല. സീറ്റ് കിട്ടാത്ത അധികാരത്തിലിരുന്ന് മന്ദഹാസം പൊഴിച്ച ആനന്ദസാഗരത്തില്‍ മുങ്ങി കുളിച്ച പലരുടെയും മുഖം രക്തം പുരണ്ടതുപോലെയായി. ഇതിലൂടെ മനസ്സിലാകുന്നത് അധികാരം ഈ കൂട്ടരുടെ ഇഷ്ടാനിഷ്ടകള്‍ക്കൊത്ത് വേട്ടയാടുന്നു എന്നുള്ളതാണ്. ഓരോ പാര്‍ട്ടിയിലെ കാലുവാരികള്‍ അറിയേണ്ടത് അവരുടെ ഉപ്പും ചോറും തിന്ന് കൊഴുത്തു തടിച്ചവരൊക്കെ അതിന് വിരുദ്ധമായി സംസാരിച്ചാല്‍, പ്രവര്‍ത്തിച്ചാല്‍ അവരെ എന്താണ് വിളിക്കേണ്ടത്? ഇത് തോമസ് മാഷിന്റ കാര്യം മാത്രമല്ല ഒട്ടുമിക്ക അധികാരഭ്രാന്തന്മാരുടെ സ്ഥിതിയാണ്. അധികാരം നഷ്ടപ്പെട്ടാല്‍ വിവേകം നഷ്ടപ്പെടുമെന്ന പാഠവും നല്‍കുന്നു. ഇതുപോലുള്ളവരുടെ ഏറ്റവും വലിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാല്‍ അധികാരത്തിന്റ അപ്പക്കഷണങ്ങള്‍ തന്നെയാണ്. കേരളത്തില്‍ നിന്നും അതിന് മാതൃകയായി കടന്നു വന്നത് എം.എ. ബേബിയും ഉമ്മന്‍ചാണ്ടിയുമാണ്. അവര്‍ യൗവനക്കാര്‍ വരട്ടെയെന്നറിയിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റ ഏറ്റവും വലിയ ദുരവസ്ഥയല്ലേ മരണംവരെ എം.എല്‍.എ., എം.പി ആയി തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്? സുഗന്ധം പൊഴിക്കുന്ന മെത്തയിലും പൂമ്പൊടിപുരണ്ട മുറ്റത്തും മഞ്ഞിന്റ് കുളിര്‍മ്മയുള്ള ശീതകാറ്റിലും കൊട്ടാരപൊയ്കകളിലും അലങ്കരിച്ച വേദികളിലും മറ്റും മഹാപുരുഷന്മാരുടെ വേഷം കെട്ടുമ്പോള്‍ നിരാശപ്പെട്ടിരിക്കുന്ന, ഒരിക്കലെങ്കിലും തെരഞ്ഞടുപ്പില്‍ മത്സരിക്കാനാഗ്രഹിക്കുന്ന യൗവനക്കാരുടെ ആഴമേറിയ ആഗ്രഹങ്ങളെ കാറ്റില്‍ പറത്തുകയല്ലേ മുതിര്‍ന്നവര്‍ ചെയ്യുന്നത്? അവരുടെ യൗവനം വര്‍ദ്ധക്യത്തിലെത്തിക്കുന്നത് ഈ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന യൗവനക്കാരാണ്. അവരുടെ ഭാവിയെപ്പറ്റി അല്പമെങ്കിലും കരുതലും സ്നേഹവും പുലര്‍ത്തിയിരുന്നെങ്കില്‍ അവര്‍ക്കായി വഴി മാറി കൊടുക്കില്ലേ? ഓരൊ പാര്‍ട്ടികളും ഒന്നോ രണ്ടോ പ്രാവശ്യം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കാതിരിന്നാല്‍ വരും തലമുറക്ക് അവസരം ലഭിക്കും. രാജ്യത്തിന്റ നട്ടെല്ലായ യൂവതി യൂവാക്കളെ, സ്ത്രീകളെ, ദളിതരെ, അംഗവൈകല്യമുള്ളവരെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ദയനീയാവസ്ഥ എത്രയോ കാലങ്ങളായി ഇന്ത്യയില്‍ തുടരുന്നു. പഴി കേള്‍ക്കാതിരിക്കാന്‍ ചിലരെ നിര്‍ത്തും. ഇവര്‍ എന്നും പാര്‍ട്ടിക്കായി പൂമാല കോര്‍ത്ത് തോഴിമാരായി നിന്നാല്‍ മതിയോ? ജാതി മതത്തിന്റ സംഘടിത കരത്തില്‍ നിന്നുകൊണ്ടല്ലേ പലരും പലപ്പോഴു0 ജയരാവം മുഴക്കുന്നത്? ഇന്ത്യയിലെങ്ങും ജാതി മത വോട്ട് കൊടുത്തു് ദുരാഗ്രഹികളായ ദുര്ബല എം.എല്‍.എ.., എം.പി. മാരെ പറഞ്ഞുവിട്ടാല്‍ എന്ത് പുരോഗതിയുണ്ടാകാനാണ്. അവരുടെ പുരോഗതി കോടിശ്വരന്‍ എന്ന കലവറയാണ്.

നെഹ്റുവും ഈ.എം.എസ്, അച്യുതമേനോന്‍ ഭരിച്ചിരുന്നു കാലങ്ങളിലൊക്കെ ആദര്‍ശശാലികളും സമൂഹത്തിനായി ത്യാഗം ചെയ്തവരും സമ്പന്നരുമായിരുന്നു അധികാരത്തില്‍ വന്നിരുന്നത്. ഇവരാരും കള്ളപ്പണം വോട്ടിനായി തെരഞ്ഞെടുപ്പില്‍ ചിലവാക്കിയതായി അറിവില്ല. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന അര്‍പ്പണബോധത്തോടെ ജനസേവനത്തിനിറങ്ങിയ ജോണ്‍ എഫ് കെന്നഡി കോടിശ്വരനായിരുന്നു. അദ്ദേഹം ജനപ്രതിനിധി ആയതും ഉന്നത പദവികളിലെത്തിയതും സ്വന്ത0 സമ്പത്തു ചിലവാക്കിയാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ചിലവാക്കുന്ന കോടികള്‍ എവിടുന്നു വരുന്നു? അത് കള്ളപ്പണമല്ലേ? ആ കള്ളപ്പണം തന്ന് പാട്ടിലാക്കാന്‍ വരുന്നവരെ വോട്ടിലൂടെ തന്നെ തറ പറ്റിക്കണം. ഇവരാരും സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന പണമല്ല. ഇതിനെ ഉന്മുലനം ചെയ്യാനുള്ള ഉത്തരവാദിത്വ0 ഓരൊ വോട്ടര്‍മാര്‍ക്കുണ്ട്. വടക്കേ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്കും ജാതിക്കോമരങ്ങള്‍ക്കും ഇതൊരു ശീലമായിപ്പോയി.

സ്വാതന്ത്യം കിട്ടി 72 വര്‍ഷമായിട്ടും സമ്പന്നര്‍ സമ്പന്നരായും ദരിദ്രര്‍ ദരിദ്രരരായും മാറുന്ന കാഴ്ച്ചയാണ്. സാധാരണ മനുഷ്യനും ഇതില്‍ നിന്ന് ഭിന്നമല്ല. വലിയ വായില്‍ തീപ്പൊരി പ്രസംഗങ്ങള്‍ ഭരണാധിപന്മാരുടെ പക്കല്‍ നിന്നും കേള്‍ക്കാറുണ്ട് പക്ഷെ പാവങ്ങള്‍ ദുഃഖദുരിതങ്ങളിലാണ് കഴിയുന്നത്. അധികാരത്തില്‍ വരുന്നവരും കുത്തക മുതലാളിമാരും കുട്ടുകച്ചവടം നടത്തി മുതലാളിമാരാകുന്നു. പല സര്‍ക്കാര്‍ വകുപ്പുകളിലും സമ്പദ്‌സമൃദ്ധി കളിയാടുന്നു. അവരും പറയും ഞങ്ങളുടെ വഴികാട്ടികള്‍ അങ്ങ് മുകളിലാണ്. ഈ കൂട്ടരെല്ലാം കുടി രാജ്യസേവനം നടത്തിയാണ് രാജ്യത്തെ കുട്ടിച്ചോറാക്കുന്നത്. ചില എം.പി. മാര്‍ പറയും കേന്ദ്ര0, സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന പണം മുടക്കി എന്തെങ്കിലും ചെയ്താല്‍ ഇത് ഞാന്‍ കൊണ്ടുവന്ന പ്രൊജക്റ്റ് ആണ്. അത് പൂര്‍ത്തിയാക്കാന്‍ ഒരിക്കല്‍ കുടി ജയിപ്പിക്കണം. ഇത് കേട്ട് ബുദ്ധി മരവിച്ചുപോയവരൊക്കെ വോട്ട് ചെയ്യും. വിവേകമുള്ളവര്‍ വോട്ട് ചെയ്യില്ല. ആ പ്രൊജക്റ്റ് അടുത്ത ആള്‍ വരുമ്പോള്‍ ഏറ്റെടുത്തു നടത്തും. ഒരു കൂട്ടര്‍ മാത്രം അധികാരത്തിലെത്താന്‍ ഭാഗ്യം ചെയ്തവരും മറ്റുള്ളവര്‍ ഭാഗ്യമില്ലാത്തവരുമാകരുത്. തുല്യനീതി തെരഞ്ഞെടുപ്പുകളിലും നടപ്പാക്കണം.

മതത്തിന്റ പേരില്‍ നമ്മേ അടിമകളാക്കി മറ്റുള്ളവരുടെ ആജ്ഞകളെ ശിരസാ വഹിക്കുന്ന സമീപന രീതികള്‍ കാലത്തിനനുയോജ്യമായ വിധത്തില്‍ മാറണം. എന്ത് വിലകൊടുത്തും ഒരു മതേതര സര്‍ക്കാരിനെ നമ്മുടെ മാതൃഭൂമി സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കണം. ചെപ്പടിവിദ്യക്കാരന്‍ അമ്പലം വിഴുങ്ങുംപോലെ ജീവിതകാലം മുഴുവന്‍ അധികാരം വിഴുങ്ങി ജീവിക്കുന്ന കോടിശ്വരന്മാരെ, അധികാരഭ്രാന്തന്മാരെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചറിയണം. നിര്‍ഭാഗ്യമെന്ന് പറയെട്ടെ രാഷ്ട്രീയ രംഗത്തുള്ളവര്‍ക് പെന്‍ഷന്‍ പ്രായമില്ലാത്തത് അവരുടെ അജ്ഞത വെളിപ്പെടുത്തുന്നു. എന്തിനാണ് ഇതില്‍ നിന്നും അവര്‍ ഒളിച്ചോടുന്നത്?

Photo by Vek Labs on Unsplash