രാഹുൽ അടുത്ത പ്രധാനമന്ത്രി ; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്നാലിതുവരെ തീരുമാനമെടുത്തിട്ടില്ല. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്നും പ്രിയങ്ക അമേഠിയില്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ഫുല്‍ പൂര്‍ മണ്ഡലത്തില്‍ പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ രാഹുല്‍ ചരിത്രവിജയം നേടുമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

അതേസമയം, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ റോഡ് ഷോ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ പ്രിയങ്ക തുടങ്ങി. നാളെ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലേക്ക് പോകും. ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗത്തിലും സംബന്ധിക്കും. മറ്റെന്നാള്‍ അയോധ്യയിലെത്തും. യാത്രയിലുടനീളം 32 കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിക്കും.