സംസ്ഥാനത്ത് ഇന്ന് 46 പേര്‍ക്ക് സൂര്യാതപമേറ്റു, രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു ; ചൂട് ഒരാഴ്ച്ച കൂടി തുടരും
കൊടുംചൂടില്‍ സംസ്ഥാനത്ത് ഇന്ന് 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. ഇപ്പോഴത്തെ നിലയില്‍ ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. കുടിവെള്ള ലഭ്യത ഉറപ്പാക്കണണെന്ന് കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.
പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും മലപ്പുറം കണ്ണൂര്‍ കാസര്‍കോഡ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് സൂര്യാതപമേറ്റത്. തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട മലപ്പുറം എറണാകുളം തൃശൂര്‍ കൊല്ലം ഇടുക്കി പാലക്കാട് കോഴിക്കോട് കാസര്‍കോഡ് എന്നിവിടങ്ങളിലായി 46 പേര്‍ക്ക് കടുത്ത ചൂടില്‍ തൊലിപ്പുറത്ത് ചുവന്ന പാടും കുരുക്കളുമുണ്ടായി.
തിരുവനന്തപുരത്ത് രണ്ടുേപര്‍ക്ക് സൂര്യാഘാതവുമേറ്റു. പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നത്. വരുന്ന ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ സ്വയമേവയല്ലാത്ത പുറം ജോലികള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കണം. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് പോലീസിന്റെ സഹായത്തോടെ കര്‍ശന പരിശോധന നടത്തും. ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.
അംഗനവാടികളില്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍ മുടക്കമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്. പരീക്ഷകള്‍ ഒഴികെയുള്ള അവധിക്കാല ക്ലാസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണം. കടകളില്‍ പൊതുജനങ്ങള്‍ക്കായി തണുത്ത കുടിവെള്ളം ലഭ്യമാക്കണം.
പോലീസിന്റെ സഹായത്തോടെ തെരുവുകളില്‍ അലയുന്ന വൃദ്ധയാചകരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ വൃദ്ധസദനങ്ങളില്‍ എത്തിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണം സംബന്ധിച്ച് ഹെല്‍പ് ലൈന്‍ സേവനം ടോള്‍ഫ്രീ നമ്പറായ 1077 ല്‍ ലഭ്യമാണ്. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.