വിഴിഞ്ഞം തുറമുഖം ; നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി അദാനി സര്‍ക്കാരിനെ സമീപിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി അദാനിയുടെ മകന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുവാന്‍ പത്തു മാസം കൂടുതലെടുക്കുമെന്നാണ് അദാനി വ്യക്തമാക്കുന്നത്.

പാറ ലഭ്യത ഉറപ്പു വരുത്താന്‍ നടപടി എടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരണ്‍ അദാനി ഈ ആവശ്യം മുന്നോട്ട് വച്ചത്. രഹസ്യമായ കൂടിക്കാഴ്ചയായിരുന്നു ഇത്. കരണ്‍ അദാനിയും മുഖ്യമന്ത്രിയും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഗൗതം അദാനിയുടെ മകനാണ് കരണ്‍ അദാനി. ആദ്യഘട്ടം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ പിഴയൊടുക്കണമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രകൃതിക്ഷോഭത്തില്‍ ഉപകരണങ്ങള്‍ നശിച്ചതായാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. ഡ്രഡ്ജറുകള്‍ അടക്കം നഷ്ടപ്പെട്ടുവെന്നാണ് വാദം.

അക്കാരണം കൊണ്ട് തന്നെ ഇനിയും സാവകാശം വേണമെന്നും അദാനി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഓരോ ദിവസവും 12ലക്ഷം രൂപ വച്ച് പിഴയായി നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കരണ്‍ അദാനിയുടെ ഇന്നത്തെ കൂടിക്കാഴ്ച. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടില്ല.  

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ഡ്രഡ്ജര്‍ തകര്‍ന്നതുമൂലം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവള വികസനത്തിലും അദാനി മുഖ്യമന്ത്രിയുടെ പിന്തുണ തേടി.