ഓച്ചിറ സംഭവം: പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ വ്യാജമെന്ന് ബന്ധുക്കൾ

ഓച്ചിറയില്‍ നിന്നും ഇതര സംസ്ഥാന പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്താന്‍ പോലീസ്. ലഭിച്ച രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് എതിരെ പോക്‌സോ ചുമത്താന്‍ തീരുമാനം ഉണ്ടായത്.

എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ വ്യാജമെന്ന് റോഷന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. രേഖകള്‍ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ബന്ധുക്കള്‍ ഒളിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ 18 വയസില്‍ താഴെയാണ് പ്രായം. പെണ്‍കുട്ടിയുടെ സ്‌കൂള്‍ രേഖയില്‍ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് നിലനില്‍ക്കും.

മാര്‍ച്ച് 18നാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്നത്. രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.

തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്റെ പത്താം ദിവസമാണ് പെണ്‍കുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തിയത്. തന്നെ റോഷന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്.

തനിക്ക് പതിനെട്ട് വയസായെന്നും പെണ്‍കുട്ടി അവകാശപ്പെടുന്നുണ്ട്. തന്റെ പ്രായം തെളിയിക്കാനുള്ള തെളിവുകള്‍ അച്ഛന്റെ പക്കലുണ്ടെന്നും പെണ്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ തട്ടിക്കൊണ്ടുപോകല്‍ കേസിലെ ആശയക്കുഴപ്പങ്ങള്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന അടക്കം പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണ്ണമായും നീങ്ങുകയുള്ളൂ.