സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി റിമാന്റില്‍

കോഴിക്കോട് : ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്മായ പ്രകാശ് ബാബു റിമാന്റില്‍. ചിത്തിരയാട്ട സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിനെ 14 ദിവസത്തെയ്ക്ക് റിമാന്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലോക്‌സഭ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് ബാബു. ഇയാളുടെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

ശബരിമല സംഘര്‍ഷ കേസുകളിലാണ് നടപടി. ശബരിമലയില്‍ അക്രമം നടത്തിയ കേസില്‍ പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ റാന്നി കോടതിയില്‍ പ്രകാശ് ബാബു കീഴടങ്ങിയേക്കും എന്ന് സൂചനയുണ്ടായിരുന്നു. ശബരിമല സ്ത്രി പ്രവേശന വിധിക്കെതിരെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞതടക്കം എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. സ്ത്രീയെ തടഞ്ഞ കേസിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്ത കേസിലുമാണ് പ്രകാശ് ബാബുവിന് എതിരെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നത്.