രാഹുൽ വരാതിരിക്കാൻ ചിലര്‍ നാടകം നടത്തുന്നു എന്ന് മുല്ലപ്പള്ളി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത മങ്ങിയിട്ടും, രാഹുല്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതുണ്ടായാല്‍ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഇതിനിടെ ഇടതുപക്ഷത്തിനെതിരെ മുന വച്ച ആരോപണവും മുല്ലപ്പള്ളി നടത്തി. രാഹുല്‍ വരാതിരിക്കാന്‍ ദില്ലിയില്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ വരുന്നതോടെ ഇടതുപക്ഷത്തിന്റെ ഉറക്കം കെട്ടിരിക്കുകയാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കാന്‍ വരരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം? ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
രാഹുല്‍ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറയാന്‍ സാധ്യതയില്ല. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് രാഹുല്‍ വരണമെന്ന് ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ രാഹുല്‍ വരുമെന്നതില്‍ തീരുമാനം വൈകുമ്പോള്‍ വയനാട്ടില്‍ പ്രവര്‍ത്തകര്‍ നിരാശയിലാണെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രതികരണം. വടകരയിലെ പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയില്ല. എണ്ണയിട്ട യന്ത്രം പോലെ വടകരയില്‍ പ്രചാരണം മുന്നേറുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
എന്തായാലും നാല് ദിവസമായി ആകെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലാണ്. ദക്ഷിണ ഇന്ത്യയില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിച്ചേക്കുമെന്നും കേരളം അത് ആവശ്യപ്പെടണമെന്നും മാത്രമാണ് ദില്ലിയില്‍ നിന്നെത്തിയ സന്ദേശം. അതിനെ ഉമ്മന്‍ചാണ്ടി രാഹുല്‍ വരുന്നെന്നാക്കി. ചെന്നിത്തല ഉറപ്പിച്ചു. മുല്ലപ്പള്ളി അടിവരയിട്ടു.
ഇപ്പോള്‍ പ്രഖ്യാപനം വൈകുകയാണ്. ഇനിയെന്ത് വേണമെന്ന് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു. ഘടകകക്ഷികള്‍ക്ക് ഇപ്പോഴേ അതൃപ്തി തുടങ്ങി. തീരുമാനം വേഗം വേണമെന്ന് വയനാട് ഡിസിസി അടക്കം ആവശ്യവും ഉന്നയിച്ച് കഴിഞ്ഞു.
വയനാട് മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി എന്ത് സന്തേശമാണ് നല്‍കുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം ഇടത്, യുപിഎ ഘടകകക്ഷികള്‍ മാത്രമല്ല കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗവും ഏറ്റെടുത്തു. ബിജെപിക്ക് സ്ഥാനാര്‍ത്ഥി പോലും ഇല്ലാത്ത ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മത്സരിക്കുന്നതിനെതിരെ എഐസിസിയില്‍ കടുത്ത അഭിപ്രായഭിന്നതയാണുള്ളത്.