മനസാക്ഷി മരവിക്കുന്ന ക്രൂരത ; കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് പട്ടിണിക്കിട്ട് കൊന്നു
കൊല്ലത്ത് നിന്നാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ഇന്ന് രാവിലെ അറസ്റ്റിലായി.
മാര്‍ച്ച് 21നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. സ്ത്രീധനപീഡനത്തിന് യുവതിയുടെ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), ചന്തുലാലിന്റെ അമ്മ ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്.
ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും പേരില്‍ കേസെടുത്തു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.
2013ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോള്‍മുതല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരുടെയുംപേരില്‍ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.