ജലന്ധർ രൂപതയിൽ നിന്ന് പഞ്ചാബ് പൊലീസ് പണം മോഷ്ടിച്ചെന്ന ആരോപണവുമായി കെന്നഡി കരിമ്പിൻകാലായിൽ

ജലന്ധര്‍ രൂപതയില്‍ നിന്നും പഞ്ചാബ് പൊലീസ് ആറ് കോടിയോളം രൂപ മോഷ്ടിച്ചുവെന്ന ആരോപണവുമായി ഇന്ത്യന്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി കെന്നഡി കരിമ്പുംകാലായില്‍. ജലന്ധര്‍ രൂപതയുടെ മുന്‍ ബിഷപ്പായ ഫ്രാങ്കോയുടെ വലംകയ്യും മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റേ മേധാവിയുമായ ഫാ. ആന്റണി മാടശ്ശേരിയിലിന്റെ പക്കല്‍ നിന്ന് പഞ്ചാബ് പൊലീസ് 9 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത പണം കള്ളനോട്ട് ആണെന്നാണ് പഞ്ചാബ് പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് പണം പഞ്ചാബ് പൊലീസ് അനധികൃതമായി തട്ടിയെടുക്കുകയായിരുന്നെന്നും പിടിച്ചെടുത്ത പണത്തില്‍ നിന്നും ആറ് കോടിയോളം രൂപ പൊലീസ് മോഷ്ടിച്ചുവെന്നും കെന്നഡി കരിമ്പിന്‍കാലായില്‍ ആരോപിച്ചത്.

വാഹനപരിശോധനക്കിടെ അല്ല പണം പിടിച്ചെടുത്തതതെന്നും സഭയുടെ സ്ഥാപനമായ സഹോദയ ട്രസ്റ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നാണ് പൊലീസ് പണം തട്ടിയെടുത്തതെന്നും കെന്നഡി പറയുന്നു. പണം എണ്ണിക്കൊണ്ടിരിക്കുന്നതിനിടെ പൊലീസ് വന്ന് ഇത് കൈക്കലാക്കുകയായിരുന്നു എന്നാണ് കെന്നഡി അവകാശപ്പെടുന്നത്. 16 കോടി രൂപയോളം പിടിച്ചെടുത്തുവെന്നും അതില്‍ ഒന്‍പത് കോടി രൂപയുടെ കണക്കേ പൊലീസ് ഇപ്പോള്‍ കാണിക്കുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു. ബാക്കിയുള്ള ആറ് കോടി രൂപ പൊലീസ് മോഷ്ടിച്ചുവെന്നും പിടിച്ചെടുത്ത പണം കള്ളനോട്ടല്ലെന്നുമാണ് കെന്നഡിയുടെ വാദം.

പൊലീസ് പണം പിടിച്ചെടുക്കുന്ന സമയത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉദ്യോഗസ്ഥനായ സന്ദീപ് അടക്കം അവിടെ ഉണ്ടായിരുന്നുവെന്നും കെന്നഡി പറയുന്നു. സഹോദയ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് പൊലീസ് തട്ടിയെടുത്തത് എന്നും പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും കെന്നഡി കരിമ്പുംകാലായില്‍ അവകാശപ്പെട്ടു.

അതേസമയം ഇത്ര വലിയ തുക എങ്ങനെ കൈവശം വച്ചു? രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടെ ക്രയവിക്രയം ക്രോസ്ഡ് ചെക്കുകളിലൂടെയും അക്കൗണ്ട് മുഖാന്തിരവും മാത്രമല്ലേ നിയമപരമായി നടത്താനാകൂ? സഭയുടെ പണം കറന്‍സി ആക്കി ചാക്കില്‍ കെട്ടി വച്ചിരിക്കുകയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളില്‍ നിന്നും കെന്നഡി ഒഴിഞ്ഞു മാറി.