മർദ്ദന വിവരം മറച്ചുവച്ചു ; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ അമ്മയ്ക്ക് എതിരെയും കേസ്

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുത്തേക്കുവാന്‍ പോലീസ് തീരുമാനം. മര്‍ദ്ദന വിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇളയകുട്ടിയുടെ സംരക്ഷണം തുടര്‍ന്നും അമ്മയെ ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായാണ് ഇളയസഹോദരന്‍ നല്‍കിയിരിക്കുന്ന മൊഴി. മൂന്നര വയസ്സുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകളുണ്ട്. കുട്ടികള്‍ ഇത്രയേറെ മര്‍ദ്ദനമേറ്റിട്ടും പൊലീസിനെയോ ചൈല്‍ഡ് ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. ആറ് വര്‍ഷം മുമ്പ് കുമളിയില്‍ അഞ്ച് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചപ്പോള്‍ ഇതറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്ന പിതാവിനെതിരെ കേസെടുത്തിരുന്നു.

മര്‍ദ്ദനം നടന്ന ബുധനാഴ്ച അര്‍ദ്ധരാത്രിയ്ക്ക് ശേഷമാണ് അമ്മയും സുഹൃത്ത് അരുണും വീട്ടിലെത്തുന്നത്. കുട്ടികളെ തനിച്ചാക്കി രാത്രി തൊടുപുഴയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. കടുത്ത മദ്യലഹരിയില്‍ തിരിച്ചെത്തിയ അരുണും സുഹൃത്തും രാത്രി എവിടെയായിരുന്നു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരമര്‍ദ്ദനം പുറത്തറിയിക്കാത്തതിനൊപ്പം കുട്ടികളെ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്ന ശീലമുള്ള അമ്മയെ ഇളയകുട്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിലെ ആശങ്കയും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു.

അതുപോലെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ മുത്തശ്ശിയും രംഗത്ത് വന്നു. മകന്‍ മരിച്ചു മൂന്നു മാസത്തിനുള്ളില്‍ യുവതി അരുണിനൊപ്പം പോയെന്നും കുട്ടികളെ തങ്ങള്‍ക്ക് വിട്ട് നല്‍കിയില്ലെന്നും യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ പറഞ്ഞു. കൂടാതെ ആക്രമണത്തിനിരയായ കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 2018 മെയ് മാസമാണ് ബിജു മരിച്ചത് .

ബിജുവിന്റെ മരണത്തെ തുടര്‍ന്നാണ് അരുണ്‍ ആനന്ദുമായി പരിചയപ്പെട്ടതെന്ന് യുവതി വിശദമാക്കിയെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ബാക്കിയാണ്. വിവാഹശേഷം കരിമണ്ണൂരില്‍ യുവതിയുടെ വീട്ടിലാണ് ബിജു കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ പ്രതി അരുണ്‍ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോള്‍ അരുണിന്റെ കാറില്‍ മദ്യകുപ്പികള്‍ക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കറുകള്‍, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക് സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു. അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്. തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് അരുണിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനം