സുരേഷ് ഗോപി അല്ല വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടില്‍ സുരേഷ്‌ഗോപിക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ഫോണില്‍ സംസാരിച്ചു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എ നാഗേഷും ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി വി ബാബുവും ഇക്കാര്യം സ്ഥിരീകരിച്ചു. തുഷാര്‍ വയനാട്ടില്‍ മത്സരിക്കുമെന്നും തുഷാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ള തൃശൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും ടി വി ബാബു വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ബിഡിജെഎസിലും ബിജെപിയിലും തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ബിഡിജെഎസിന് നല്‍കിയ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹവുമായി ജില്ലാ നേതൃത്വം ഫോണില്‍ സംസാരിച്ചതായും സൂചനകള്‍ പുറത്തുവന്നു. ഇതിനിടെയാണ് വയനാട്ടില്‍ തുഷാര്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് ടി വി ബാബു രംഗത്തെത്തിയത്. വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അമിത് ഷായുമായി തുഷാര്‍ സംസാരിച്ചതായി എ നാഗേഷും അറിയിച്ചു.

അതേസമയം, വയനാട് സീറ്റ് തിരിച്ചെടുക്കണമെന്ന് ബിജെപിയില്‍ ആവശ്യം ശക്തമായി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആര്‍എസ്എസ് നേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. തൃശൂരിലെ തെരഞ്ഞെടുപ്പ് ഏകോപനത്തിന് ആര്‍എസ്എസ് നിയോഗിച്ച എ വിനോദുമായാണ് ചര്‍ച്ച നടത്തിയത്. തുഷാറിന് വേണ്ടി വിട്ടു കൊടുത്ത സീറ്റ് മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്നാണ് ബിജെപി ജില്ലാ ഘടകം വ്യക്തമാക്കിയിരിക്കുന്നത്.

ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്ന സാഹചര്യത്തില്‍ ശക്തനായ നേതാവിനെ നിര്‍ത്താനാണ് ബിജെപി ലക്ഷ്യംവെയ്ക്കുന്നത്. രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.