യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തി
കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു. യുവതിയുടെ ഭര്‍ത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനും എതിരെയാണ് കേസെടുത്തത്. ചികിത്സ നിഷേധിച്ചതിനും വിട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനുമെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ 21ന് രാത്രിയാണ് തുഷാര(27) എന്ന യുവതിയെ ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ മരണപ്പെട്ടത്. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മനസിലായത്.
വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവിന് നേരെ അന്വേഷണം നീണ്ടത്. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.
വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാന്‍ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരെ പിന്നീട് അറിയിക്കുകയായിരുന്നു.
സ്ത്രീധന പണത്തിന്റെ ബാക്കി നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതാലാലും പലപ്പോഴും മര്‍ദ്ദിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. മകളെ കാണാന്‍ തുഷാരയുടെ അച്ഛനേയും അമ്മയേയും അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരത വ്യക്തമായത്.
2013ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോള്‍മുതല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല.
സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരുടെയുംപേരില്‍ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറല്‍ എസ്.പി. കെ.ജെ.സൈമന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. ദിനരാജാണ് കേസ് അന്വേഷിച്ചത്. പൂയപ്പള്ളി സി.ഐ. എസ്.ബി.പ്രവീണ്‍, എസ്.ഐ. ശ്രീകുമാര്‍, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ. ഷിബു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.