സീറോ മലബാര്‍ സഭ ഭൂമിയിടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തി. കര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും കോടി കൂട്ടുപ്രതികളാക്കി. പ്രതികള്‍ക്ക് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.

ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് ഏക്കറോളം ഭൂമി വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്. നേരത്തെ പരാതിയുമായി ഷൈന്‍ വര്‍ഗീസ് പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ ഇന്നലെ കോടികളുടെ പിഴ ചുമത്തിയിരുന്നു. മൂന്ന് കോടി രൂപയാണ് എറണാകുളം – അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ ഇന്നലെ സഭ നേതൃത്വം ആദായ നികുതി വകുപ്പില്‍ അടച്ചു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാന്‍ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്റ് ഭൂമി ഇടനിലക്കാര്‍ വഴി വിറ്റതില്‍ കോടികളുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്. 60 സെന്റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തില്‍ കാണിച്ചത്. എന്നാല്‍ ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഭൂമി വില്‍പ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി.

ഇടനിലക്കാരനൊപ്പം രേഖകളില്‍ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദര്‍ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസില്‍ സാജു വര്‍ഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടന്നാണ് സഭയ്ക്ക് പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കിയത്.

ആദ്യ ഘട്ട പിഴ സഭ സാമ്പത്തിക ചുമതല വഹിക്കുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ ഇന്നലെ ആദായ നികുതി വകുപ്പില്‍ അടച്ചിട്ടുണ്ട്. അതേസയമം, വിവാദ ഭൂമി ഇടപാടില്‍ രണ്ട് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അപ്പീല്‍ നല്‍കും. ഭൂമിയുടെ മൂല്യം കുറച്ച് കാണിച്ചതില്‍ അതിരൂപതയ്ക്ക് പങ്കില്ലെന്നാണ് അറിയിക്കുക.