വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ഇളകി മറിഞ്ഞ് കല്‍പറ്റ നഗരം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവരും ഉണ്ടായിരുന്നു.
വയനാട് കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രധാന ഗേറ്റ് വഴിയാണ് രാഹുലിന്റെ വാഹനം പുറത്തേക്ക് വന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സമയം രാഹുലിനെ കാണാനായി റോഡിന് ഇരുവശവും കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകരെ കൂടാതെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വയനാടന്‍ അരങ്ങേറ്റം ആഘോഷമാക്കാനെത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലീംലീഗ് പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതോടെ കല്‍പറ്റ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി. എസ്പിജിയും കേരള പൊലീസും തണ്ടര്‍ ബോള്‍ട്ടും ചേര്‍ന്ന് കര്‍ശന സുരക്ഷയാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒരുക്കിയത്. യാത്രാമധ്യേ പലയിടത്തും രാഹുല്‍ സുരക്ഷാ വലയം ഭേദിച്ച് പ്രവര്‍ത്തകരുടെ അടുത്തേക്ക് വന്നത് ആവേശം ഇരട്ടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അത് തലവേദനയായി.
നേരത്തെ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ എത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. പ്രിയങ്കയും രാഹുലിനൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു. നാമ നിര്‍ദേശം സമര്‍പ്പിച്ച ശേഷം നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഉച്ചയോടെ നാഗ്പൂരിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശത്തിലാണ്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഇന്നലെയാണ് രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം കേരളത്തില്‍ എത്തിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരും കോഴിക്കോട് വിമാനമിറങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുവരെയും സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കെ സി വേണുഗോപാലും മുകുള്‍ വാസ്നികും അടക്കമുള്ള നേതാക്കളും രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാനുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോയ രാഹുല്‍ രാത്രി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അസമിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തിയത്.