സിവിൽ സർവീസിൽ ചരിത്രം കുറിച്ച് ശ്രീധന്യ ; 29ാം റാങ്ക് നേട്ടവുമായി ശ്രീലക്ഷ്മി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വയനാട് സ്വദേശി ശ്രീധന്യ സുരേഷിന് ചരിത്ര നേട്ടം. ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യത്തെയാളായി ശ്രീധന്യ. ശ്രീധന്യയ്ക്ക് നാനൂറ്റി പത്താം റാങ്കാണ് ലഭിച്ചത്.

കൂടാതെ ഉന്നതവിജയം നേടിയ ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാമും കേരളത്തിന്റെ അഭിമാനമായി. 29 ാം റാങ്കാണ് ശ്രീലക്ഷ്മി സ്വന്തമാക്കിയത്. രഞ്ജന മേരിവര്‍ഗീസ്(49), അര്‍ജുന്‍ മോഹന്‍(66) എന്നിവരും പട്ടികയില്‍ ഇടം നേടിയ മലയാളികളില്‍ പെടുന്നു. ആകെ 759 പേരാണ് വിവിധ സര്‍വീസുകളില്‍ നിയമനത്തിനായി യോഗ്യത നേടിയത്. കനിഷ്‌ക് കടാരിയ ഒന്നാം റാങ്ക് കരസ്ഥമാക്കി

അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് ശ്രീധന്യ പറഞ്ഞു. 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന് ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചത്.

അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിലെ മലയാളി പെണ്‍കുട്ടി നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്.

പരീക്ഷയില്‍ 29ാം റാങ്ക് കിട്ടിയിതില്‍ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി . ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനിയാണ് ശ്രീലക്ഷ്മി. റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍,കലാദേവി ദമ്പതികളുടെ മകളാണ് .