നടി ആക്രമിക്കപ്പെട്ട കേസ് ; പ്രാരംഭ വാദം തുടങ്ങി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രാരംഭ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് രഹസ്യ വാദത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജി മുമ്പാകെയാണ് വാദം.
കേസില്‍ നടന്‍ ദിലീപ് ഒഴികെ ഒമ്പത് പ്രതികളാണ് പ്രാഥമിക വാദം കേള്‍ക്കലിനായി കോടതിയില്‍ എത്തിയത്. പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയ കുറ്റം നിലനില്‍ക്കുമോ എന്ന് കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കുമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേക്ക് കടക്കൂ.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സ്വകാര്യതയെ ബാധിക്കാത്ത രേഖകള്‍ പ്രതികള്‍ക്ക് നല്‍കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഏതൊക്കെ രേഖകള്‍ പ്രതിഭാഗത്തിന് കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അനുവദിച്ചു. പ്രതിപ്പട്ടികയിലുള്ള സിനിമാതാരം ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഹാജരായത്.
നേരത്തെ കേസിലെ വിചാരണാ നടപടികളുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.