ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിമാനമല്ല : അമേരിക്ക
ബലാക്കോട്ട് പ്രത്യാക്രമണത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ എഫ് 16 വിഭാഗത്തില്‍പ്പെട്ട വിമാനമല്ലെന്ന വാദവുമായി അമേരിക്ക രംഗത്ത് വന്നു. അമേരിക്ക നല്‍കിയ പാക്കിസ്ഥാന്റെ കൈവശമുള്ള എഫ് 16 വിഭാഗത്തില്‍പ്പെട്ട എല്ലാം വിമാനങ്ങളും സുരക്ഷിതമണെന്നും അമേരിക്ക വ്യക്തമാക്കുന്നു. പ്രതിരോധ വ്യത്തങ്ങളെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസിനാണ് ഇതുസംബന്ധിച്ച കാര്യം പുറത്ത് വിട്ടത്.
ബലാക്കോട്ട് പ്രത്യാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 27ന് വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്റെ വിമാനങ്ങള്‍ എത്തിയിരുന്നു. ഇവയെ തുരത്താന്‍ നടത്തിയ പ്രതിരോധത്തിനിടെ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തുവെന്നാണ് ഇന്ത്യ അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച തെളിവുകളും ഇന്ത്യ പുറത്ത് വിട്ടിരുന്നു.
എന്നാല്‍ അമേരിക്കന്‍ ഡിഫന്‍സ് വൃത്തങ്ങള്‍ നടത്തിയ പരിശോധനയില്‍ പാക്കിസ്ഥാന്റെ പക്കിലുള്ള എഫ് 16 വിമാനങ്ങള്‍ സുരക്ഷിതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ വാങ്ങിയ മുഴുവന്‍ എഫ് 16 വിമാനങ്ങളും പരിശോധനയില്‍ കണ്ടെത്തിട്ടുണ്ട്. ഫോറിന്‍ പോളിസി മാഗസിന്‍ ആണ് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ കാര്യം പുറത്ത് വിട്ടത്.
ആക്രമണത്തിന് ഉപയോഗിച്ചത് എഫ് 16 വിമാനമല്ലെന്ന് പാക്കിസ്ഥാന്‍ നേരെത്തെ അവകാശപ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ വിദേശ മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അന്യ രാജ്യങ്ങളെ ആക്രമിക്കുവാന്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്ന കരാറിന്‍ മേലാണ് അമേരിക്ക വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കിയത്.