അവ്യക്തത, സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളാൻ സാധ്യത

വിവാദ നായിക സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിട്ടില്ല.

മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് നാളെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നാണ് സരിതയ്ക്ക് വരണാധികാരി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

‘ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരത്തിന് ഒരുങ്ങുന്നത്,’ എന്നാണ് സ്ഥാനാത്ഥിത്വത്തെക്കുറിച്ച് സരിത പ്രതികരിച്ചത്. ‘സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്.

അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല,’ സരിത പറഞ്ഞു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ പത്തരയ്ക്ക് മുന്‍പ് അവ്യക്തത നീക്കാന്‍ സരിത എസ് നായര്‍ക്ക് വരണാധികാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം പത്രിക തള്ളും.