ചുട്ടുപൊള്ളി കേരളം ; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ നീട്ടി

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുമെന്ന് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്നും കാലാവസ്ഥ നിരിക്ഷണകേന്ദ്രം പറയുന്നു. ഇതിനെ തുടര്‍ന്ന് ചൂടിനെതിരെ ഉള്ള ജാഗ്രത നിര്‍ദേശം 10 വരെ നീട്ടി.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാന്‍ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്.