പ്രതിഷേധം ; ശബരിമലയിൽ കയറിയ ആദ്യ സ്ത്രീകൾ ആര്’ എന്ന വിവാദചോദ്യം പിഎസ്‍സി പിൻവലിച്ചു

പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് ശേഷം സന്ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരെന്ന ചോദ്യം പിഎസ്‌സി ചോദ്യപ്പേപ്പറില്‍ നിന്ന് പിന്‍വലിച്ചു. പന്തളം കൊട്ടാരമടക്കം ചോദ്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ചോദ്യം പിന്‍വലിച്ചത്.

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മാര്‍ച്ച് മൂന്നിന് നടന്ന പിഎസ്‌സി പരീക്ഷയിലായിരുന്നു ശബരിമലയെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നത്. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദു തങ്കം കല്യാണിയെയും കനക ദുര്‍ഗയെയുമാണ്.

വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓര്‍മിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം ആരോപിച്ചു.

വിവിധ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതെന്നാണ് ആദ്യം പിഎസ്‌സിയുടെ വിശദീകരിച്ചത്. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പിഎസ്‌സി വിശദീകരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് ചോദ്യം പിന്‍വലിക്കാന്‍ പിഎസ്‌സി തീരുമാനിച്ചതെന്നാണ് സൂചന.