തിരുവനന്തപുരം വട്ടപ്പാറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : വട്ടപ്പാറയില്‍ ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ പന്നിയോട് സ്വദേശിയായ സുശീല (65)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
വീട് പുറത്തു നിന്നും പൂട്ടിയിരുന്നതും മൃതദേഹത്തില്‍ വസ്ത്രം ഇല്ലായിരുന്നതും ദുരൂഹമാണെന്ന് മകന്‍ പറയുന്നു. 12 വര്‍ഷങ്ങളായി ഇവര്‍ ഒറ്റക്കാണ് താമസം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. ഇവരില്‍ നിന്നും അകന്നാണിവര്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവര്‍ ഒരു മകനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ വിളിച്ചിട്ടുകിട്ടാത്തതിനാല്‍ ഇന്നു രാവിലെ മകന്‍ വന്നു പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വട്ടപ്പാറ പോലീസിലറിയിക്കുകയായിരുന്നു.
പോലീസെത്തി പൂട്ടുപൊളിച്ചാണ് വീട്ടിനകത്ത് കയറിയത്. ഏകദേശം നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീഞ്ഞഴുകിയ നിലയിലായിരുന്നു. വീട്ടമ്മ പീഠനത്തിനിരയായെന്ന സംശയവും പോലീസിനുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസും റൂറല്‍ ഷാഡോ പോലീസും ചേര്‍ന്നാണ് കേസ് അന്വേഷണം നടത്തുന്നത്.