നൂറാം വര്‍ഷത്തില്‍ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ കറുത്ത ഏടായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ അവസാനം ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്.

ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 13ന് ജാലിയന്‍വാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ യോഗം ചേര്‍ന്നവര്‍ക്കെതിരായണ് വെടിവയ്പ്പ് നടന്നത്.

379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്ക്. 1800ല്‍ ഏറെ പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂട്ടക്കൊലയില്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് എന്തായാലും ബ്രിട്ടന്‍ തയ്യാറായിട്ടില്ല.

നിരായുധരായി നിന്ന ജനങ്ങള്‍ക്ക് നേരെ യാതൊരുവിധ മനസാക്ഷിയും ഇല്ലാതെ ബ്രിട്ടീഷ് സൈന്യം വെടി ഉതിര്‍ക്കുകയായിരുന്നു. മൈതാനത്തില്‍ പ്രവേശിക്കുവാനുള്ള ഏക മാര്‍ഗം അടച്ചതിനു ശേഷമാണ് പട്ടാളം വെടിവെപ്പ് ആരംഭിച്ചത്. ജീവന്‍ രക്ഷിക്കാന്‍ മൈതാനത്തിന്റെ നടുവില്‍ ഉള്ള കിണറ്റില്‍ സ്ത്രീകളും കുട്ടികളും അടക്കം ചാടുകയായിരുന്നു. 1982 ല്‍ ഇറങ്ങിയ ചലച്ചിത്രമായ ‘ഗാന്ധി’യിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ചിത്രീകരണം കാണാം.