പബ് ജി ഭ്രാന്ത് മൂത്തു ; സ്വകാര്യ ദ്വീപില്‍ റിയൽ ലൈഫ് പബ്‌ജി ടൂർണമെന്‍റ് ഒരുക്കാന്‍ തയ്യാറായി കോടീശ്വരന്‍

ഭ്രാന്തമായ ഒരു ആവേശമാണ് പലര്‍ക്കും പബ് ജി എന്ന ഗെയിം. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോലിനു കീഴില്‍ പബ്ജി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഗെയിമിന് ഏതാണ്ട് 400 മില്ല്യണ്‍ കളിക്കാരുണ്ടെന്നാണ് കണക്ക്. മൊബൈല്‍, പിസി വെര്‍ഷനുകളുള്ള പബ്ജി ഗെയിം ഇതുവരെ 50 മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.

പബ്ജി ഗെയിമിനോടുള്ള അഡിക്ഷന്‍ വളരെ ഗുരുതരമാണെന്ന് കണക്കാക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഗെയിം നിരോധിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. ആരാധകന്റെ പബ് ജി ഭ്രാന്തിന്റെ ഏറ്റവും പുതിയതും വിചിത്രവുമായ ഒരു വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗെയിമിനോടുള്ള കടുത്ത ആരാധന മൂലം ഒരു സ്വകാര്യ ദ്വീപ് തന്നെ പബ്ജി യുദ്ധക്കളമാക്കാന്‍ ഒരു കോടീശ്വരന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഡംബര ഷോപ്പിംഗ് സൈറ്റായ ഹഷ്ഹഷില്‍ വന്ന ഒരു പരസ്യമാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.

ഒരു സ്വകാര്യ ദ്വീപില്‍ പബ്ജി ബാറ്റില്‍ഫീല്‍ഡ് നിര്‍മ്മിക്കുന്നതിന് തന്നെ സഹായിക്കാന്‍ സന്നദ്ധതയുള്ള ഗെയിം നിര്‍മ്മാതാക്കളെ തേടിക്കൊണ്ട് പേരു വെളിപ്പെടുത്താത്ത ഒരു കോടീശ്വരനാണ് പരസ്യം നല്‍കിയത്. ദ്വീപില്‍ റിയല്‍ ലൈഫ് പബ്ജി ടൂര്‍ണമെന്റ് നടത്താനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

മത്സരത്തെപ്പറ്റി അവ്യക്തതയുണ്ടെങ്കിലും വിജയിക്കുന്നയാള്‍ക്ക് ലഭിക്കുക ഒരു ലക്ഷം യൂറോ ആണെന്നാണ് റിപ്പോര്‍ട്ട്. 12 മണിക്കൂര്‍ നീളുന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണവും ക്യാമ്പിങ് സൗകര്യങ്ങളും ലഭിക്കും. മത്സരത്തില്‍ പരിക്കേല്‍ക്കാതിരിക്കാനായി എയര്‍സോഫ്റ്റ് തോക്കുകളാവും ഉപയോഗിക്കുക എന്നും അറിയുന്നു.