പി.സി ജോര്‍ജ്ജും, എന്‍.ഡി.എ യും. പിന്നെ കേരള രാഷ്ട്രീയവും.
പി.സി. ജോര്‍ജ്ജ് നയിക്കുന്ന ജനപക്ഷം എന്‍.ഡി.എ ഘടകക്ഷിയായി പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ പി.സി.ക്കെതിരെ പതിവില്ലാത്ത രീതിയിലുള്ള പ്രതിഷേധമാണ് വന്ന് കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍എല്ലാം തന്നെ വരും വരായ്കകള്‍ നോക്കാതെയുള്ള പി.സി.യുടെ നിലപാടുകള്‍ക്ക് മുന്നണി രാഷ്ട്രീയത്തിനുമപ്പുറം പൊതുജന പിന്തുണയും, അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ ജനകീയ അടിത്തറ പി.സി ക്ക് നല്കിയതാകട്ടെ മൂന്ന് മുന്നണികളെയും തോല്‍പ്പിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലുള്ള വിജയവും ഈ വിജയത്തിന്റെ പിന്‍ബലം പറ്റി പി.സി കേരള ജനപക്ഷമെന്ന പാര്‍ട്ടിയും രൂപീകരിച്ചു.
മുന്നണികള്‍ മാറിയുള്ള ജോര്‍ജ്ജിന്റെ നെട്ടോട്ടം:
ഒത്തിരിയൊന്നും പുറകോട്ട് പോയില്ലെങ്കിലും കഴിഞ്ഞ മൂന്ന് പ്രാവശ്യത്തെ അസംബ്ലി തിരഞ്ഞെടുപ്പിലെ പി.സി യുടെ രാഷ്ട്രീയ ചാഞ്ചാട്ടം തന്നെ വിലയിരുത്തിയാല്‍ ചിത്രം വ്യക്തമാണ് .
2006-അച്യുതാനന്ദന്‍ മന്ത്രി സഭ (LDF)
2011-ഉമ്മന്‍ ചാണ്ടി മന്ത്രി സഭ (UDF)
2016-സ്വതന്ത്ര സ്ഥാനാര്‍ഥി
2019-NDA യില്‍.
2006-എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ രാജി വെപ്പിച്ചത് രണ്ട് മന്ത്രിമാരെ (പി.ജെ ജോസഫ്, ടി.യു. കുരുവിള). 2011-ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ രാജി വെപ്പിച്ചതും രണ്ട് മന്ത്രിമാരെ (കെ.എം. മാണി, കെ.ബി. ഗണേഷ് കുമാര്‍). സത്യത്തില്‍ അച്യുതാനന്ദന്‍ മന്ത്രി സഭയിലും, ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും പി.സി മുന്നണി വിട്ട് പുറത്ത് പോവുകയല്ല ഉണ്ടായത് രണ്ടു മുന്നണികളും അവരുടെ മന്ത്രിസഭയെ പിടിച്ചുലച്ച അഴിമതി ആരോപണങ്ങളും രാഷ്ട്രീയ അപചയവും പുറത്ത് കൊണ്ടുവന്ന ജോര്‍ജ്ജിനെ പുറത്താക്കുകയാണ് ചെയ്തത്. അത് കൊണ്ട് തന്നെ ചാഞ്ചാട്ടങ്ങള്‍ക്കെല്ലാം പി.സി.ക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു അത് ജനത്തെ കൃത്യമായി ബോധിപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് പി.സി. യുടെ രാഷ്ട്രീയ വിജയം.
പി.സി. ക്കെതിരെ മുന്നണികളുടെ പൂഴികടകന്‍:
ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ നിന്ന് പുറത്ത് വന്ന പി.സിയെ 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടെ കൂട്ടിയ എല്‍.ഡി.എഫ് 2016 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കൈ വിട്ടു. ഈ ചതിക്ക് തൊട്ടുപിന്നാലെ യു.ഡി.എഫ് ഇടപെട്ട് പി.സി. വൈസ് ചെയര്‍മാനായിരുന്ന സെക്കുലറില്‍ നിന്ന് പി.സി യെ പുറത്താക്കുകയും ചെയ്തതോടെ ഇരുമുന്നണികളും ഒന്നിച്ച് പി.സിക്ക് രാഷ്ട്രീയ വനവാസത്തിന് കളമൊരുക്കി. മുറിവേറ്റ പി.സി. ഒരു പാര്‍ട്ടിയുടെ ലേബല്‍ പോലുമില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ കളമൊരുങ്ങി പിന്നീട് സംഭവിച്ചത് ചരിത്രം.
ഈ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പി.സി പത്തനംതിട്ടയില്‍ മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ പി. സിയുടെ സ്ഥാനാര്‍ത്ഥിത്വം പത്തനംതിട്ട, കോട്ടയം, ഇടുക്കി സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമെന്നതുകൊണ്ട് കോണ്‍ഗ്രസ്സ് പി.സി. യെ സമീപിച്ചു. ജനപക്ഷമെന്ന പാര്‍ട്ടിയുമായി മുന്നോട്ട് പോകുന്ന പി.സി.ക്ക് തന്റെ കൂടെയുള്ള പ്രവര്‍ത്തകര്‍ക്കായി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് വെച്ച് യു.ഡി.എഫ് സഹകരണമെന്ന ചതിക്ക് മുന്നില്‍ വീഴേണ്ടി വന്നു. ഇതൊരു ചതിയാണെന്ന് മനസിലാക്കാതെ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ചെന്നിത്തലയുടെയും വാക്ക് കേട്ട് അവരുടെ ആവശ്യ പ്രകാരം പത്തനംതിട്ടയില്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിപ്പിച്ചു. സ്ഥാര്‍ത്ഥിത്വം പിന്‍വലിച്ച തൊട്ടടുത്ത ദിവസം തന്നെ യു.ഡി.എഫ് പറഞ്ഞ വക്കില്‍ നിന്നും പുറകോട്ട് പോയി. ഈ സമയത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രന്‍ രംഗത്ത് വരികയും ചെയ്തു.
പി.സി യുടെ സ്ഥാനാര്‍ത്ഥിത്വവും എന്‍.ഡി.എ പ്രവേശനവും:
ശബരിമല വിഷയത്തില്‍ കോടതി വിധി വന്ന അന്ന് മുതല്‍ എല്‍.ഡി.എഫുമായി കൊമ്പ് കോര്‍ത്ത പി.സി ക്ക് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് പൊതുസമ്മതനെന്ന നിലയില്‍ പന്തളം കൊട്ടാരത്തിന്റെ പിന്തുണയുണ്ടായിരുന്നു. വിശ്വാസ സംരക്ഷണത്തിനായി ആദ്യം മുതല്‍ പോരാടിയിരുന്ന പി.സി.യുടെ സ്ഥാനാര്‍ത്ഥിത്വം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടില്‍ വിള്ളലുമുണ്ടാക്കുമെന്നതിനാല്‍ എന്‍.ഡി.എ പി.സി.യെ സമീപിച്ചു.
പാര്‍ട്ടിയിലെ തന്നെ ന്യൂനപക്ഷ സമുദായത്തില്‍പെട്ട ഏതാനം പേരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും സംസ്ഥാന കമ്മറ്റി എന്‍.ഡി എ യെ പിന്തുണച്ചാല്‍ മതിയെന്ന നിലപാടാണ് ആദ്യം എടുത്തത്. എന്നാല്‍ എടുക്കുന്ന തീരുമാനം ഒരേ സമയം രാഷ്ട്രീയ വഞ്ചനക്കും, വിശ്വാസ സംരക്ഷണത്തിനും കേരളത്തിലെ എല്‍ഡി.എഫ് , യു.ഡി.എഫ് മുന്നണികള്‍ക്കുള്ള മറുപടിയായിരിക്കണമെന്ന പി.സി. യുടെ വാക്കിന്, പിന്തുണയല്ല വേണ്ടത് എന്‍.ഡി.എ പ്രവേശനം തന്നെയാണ് വേണ്ടതെന്ന തീരുമാനത്തില്‍ അവസാനിച്ചു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ജനപക്ഷത്തിന്റെ NDA പ്രവേശനം വിലയിരുത്താന്‍ പത്തനംതിട്ട ഇലക്ഷന്‍ റിസള്‍ട്ടിനായി കാത്തിരിക്കണം.
കേരള രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ക്ക് ശേഷം ശക്തമായ മൂന്നാമത്തെ മുന്നണിയായി എന്‍.ഡി.എ നാള്‍ക്ക് നാള്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോട് കൂടി 2014 -ല്‍ എന്‍.ഡി.എ ക്ക് കേരളത്തില്‍ ലഭിച്ച വോട്ട് ശതമാനത്തി വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നും , കേരളത്തില്‍ രണ്ടിടത്ത് താമര വിരിയാനുള്ള സാധ്യതയുണ്ടെന്ന സര്‍വ്വേ ഫലങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴുള്ള പി.സി.യുടെ എന്‍.ഡി.എ യിലേക്കുള്ള കടന്ന് വരവ് ജനപക്ഷത്തിനും, ബിജെപിക്കും ഒരുപോലെ ഗുണം ചെയ്യും. കേരള രാഷ്ട്രീയത്തില്‍ പി.സി. ജോര്‍ജ്ജിനെ പോലൊരാള്‍ കൂടെയുള്ളത് ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതില്‍ ഗുണം ചെയ്യുമെന്നു ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു.
റഫേല്‍ ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മോദിയുടെ തുടര്‍ഭരണം തന്നെയാണ്. കേന്ദ്രത്തില്‍ മോഡി ഭരണം തുടരുകയും, ശബരിമല വിഷയം കേരളത്തില്‍ എല്‍. ഡി. എഫിന് വന്‍ തിരിച്ചടി നല്‍കുകയും ചെയ്താല്‍ ഇപ്പോഴുള്ള മുന്നണി സംവീധാനങ്ങളില്‍ പോലും പ്രകടമായ മാറ്റത്തിന് ഇടവരുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.