വിവാദ നായകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു

വിവാദ നായകനും വിക്കിലീക്‌സ് സ്ഥാപകനുമായ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വര്‍ഷമായി അസാന്‍ജ് ജീവിച്ചു പോരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്ര കാലം അസാന്‍ജിന് കൊടുത്ത രാഷ്ട്രീയഅഭയം പിന്‍വലിച്ച ഇക്വഡോര്‍, എംബസി മുഖാന്തരം ലണ്ടന്‍ പൊലീസിനെ വിളിച്ചു വരുത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതു വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വിക്കിലീക്ക്‌സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക്ക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വിക്കിലീക്ക്‌സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.

ആസ്‌ത്രേലിയന്‍ പ്രസാധകനും ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുമാണ് ജൂലിയന്‍ പോള്‍ അസാന്‍ജ്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കൂടിയായ അസാന്‍ജ് 2006-ലാണ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് അസാന്‍ജും വിക്കീലീക്‌സും ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു.

2010-ല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും അമേരിക്കയിലേക്ക് എംബസി ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്ത അവലോകന റിപ്പോര്‍ട്ടുകളും ചോര്‍ത്തിയതോടെയാണ് വിക്കീലീക്‌സ് ലോകത്തെ ശരിക്കും ഞെട്ടിച്ചത്. ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് വിക്കിലീക്ക്‌സ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വിക്കിലീക്‌സ് ചോര്‍ച്ച വഴിയൊരുക്കിയത്.