പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ
പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സിക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി പീതാംബരന്റെ വ്യക്തി വൈരാഗ്യമാണ് നിഷ്ഠൂരമായ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നായിരുന്നു ബന്ധുക്കള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐക്ക് വിടാന്‍ കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.