എല്ലാ അമ്മമാരും നല്ലവരല്ല ; തന്‍റെ അമ്മയുടെ യഥാര്‍ത്ഥ സ്വഭാവം തുറന്നു കാട്ടി നടി സംഗീത
ഒരുകാലത്ത് തമിഴ് മലയാളം സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് സംഗീത. മലയാളത്തില്‍ വമ്പന്‍ വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായിരുന്നു സംഗീത. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്‍, ഉത്തമന്‍, സമ്മര്‍ ഇന്‍ ബെത്ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു ഈ നടി. വിവാഹശേഷം അഭിനയരംഗത്ത് നിന്നും പിന്‍വാങ്ങിയ സംഗീത എന്നാല്‍ ഇപ്പോഴും സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവമാണ്.
എന്നാല്‍ സ്വന്തം അമ്മയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി. അമ്മയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തെന്നിന്ത്യന്‍ താരം സംഗീത എഴുതിയ കുറിപ്പ് വൈറലാകുന്നു. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി.
നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാ വ്യാജ ആരോപണങ്ങള്‍ക്കും , ഏറ്റവും പുതിയ പഴികള്‍ക്കും നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.
മകള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ രംഗത്ത് വന്നത് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത പുതിയ പോസ്റ്റുമായി രംഗത്ത് എത്തിയത്.