ശബരിമലയില്‍ തൂങ്ങി ബിജെപി ; ചട്ടം ലംഘിച്ചും ശരണം വിളിച്ച് പ്രചാരണം ; വാ തുറക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല സജീവചര്‍ച്ചാ വിഷയമാക്കാന്‍ തയ്യറായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പോയതിന് പിറ്റേന്നാണ് കേരളത്തിലെ വോട്ടു പിടിത്തം ശബരിമലയെ ചുറ്റിപ്പറ്റിത്തന്നെ കൊഴുപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ ശബരിമല വിഷയമുന്നയിക്കുമ്പോള്‍ കിട്ടുന്ന പിന്തുണയാണ് ബിജെപിയെ തന്ത്രം മാറ്റാന്‍ പ്രേരിപ്പിച്ച ഘടകം. ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്. എന്നാല്‍ ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

ശബരിമലയല്ല പ്രധാനചര്‍ച്ചാ വിഷയമെന്നാണ് ആദ്യം ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ശ്രീധരന്‍ പിള്ള അന്ന് തള്ളിപ്പറയുകയും ചെയ്തു. സംസ്ഥാനാദ്ധ്യക്ഷന്‍ താനാണെന്നും പ്രചാരണവിഷയമെന്താണെന്ന് താന്‍ പറയുമെന്നുമായിരുന്നു അന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാലിപ്പോള്‍ ശ്രീധരന്‍ പിള്ള വീണ്ടും നിലപാട് മാറ്റി:

”ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ”, പിള്ള ഇപ്പോള്‍ പറയുന്നു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിക്കും കിട്ടുന്ന പിന്തുണയാണ് ബിജെപിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. വിശ്വാസ സംരക്ഷണത്തിനായി ബിജെപി മാത്രമാണുണ്ടായിരുന്നതെന്ന് ഒരു വിഭാഗമാളുകള്‍ വിശ്വസിക്കുകയും പിന്തുണയറിയിച്ച് രംഗത്ത് വരികയും ചെയ്യുന്നു. ഈ വിഭാഗത്തെ മുഴുവന്‍ വോട്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെയാണ് പ്രധാനമന്ത്രിയെ സാക്ഷിയാക്കി വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന എന്‍ഡിഎ പ്രചാരണ പരിപാടിയിലും ശ്രീധരന്‍ പിള്ള ഇതേ നിലപാട് ആവര്‍ത്തിച്ചത്.

ബിജെപിക്ക് പൂര്‍ണ പിന്തുണയുമായി ശബരിമല കര്‍മസമിതിയുമുണ്ട്. പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണ് ശബരിമല കര്‍മസമിതി നേതാവ് ചിദാനന്ദപുരി വ്യക്തമാക്കുന്നത്. കര്‍മസമിതി രാഷ്ട്രീയപ്രസ്ഥാനമല്ല, പാര്‍ട്ടിയല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല – ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ബാധകവുമല്ല – എന്നാണ് ചിദാനന്ദ പുരി പറയുന്നത്.