പാരിസിലെ ചരിത്രപ്രസിദ്ധ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നു

പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പുരാതന ദേവാലയത്തിന്റെ താഴികക്കുടം കത്തിയമര്‍ന്നു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. നാനൂറിലധികം അഗ്നിസേനക്കാര്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

വളരെയേറെ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് നോട്രഡാം കത്തീഡ്രല്‍. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചതായി അറിയിച്ചു.

അതേസമയം, തീപിടിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്രാന്‍സില്‍ നിരവധി പള്ളികള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.