നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ ; ഉടനെ ശസ്ത്രക്രിയ നടത്തില്ല
കേരളം കൈകോര്‍ത്ത ദൗത്യത്തിലെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിന്‍ കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.
ഒരു നാട് കൈക്കുമ്പിളില്‍ എടുത്ത കുഞ്ഞുഹൃദയത്തെ കാത്തുപരിപാലിക്കുകയാണ് ആശുപത്രി അധികൃതരും. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സങ്കീര്‍ണമായ ഹൃദ്രോഗമാണ് കുട്ടിക്കുള്ളത്. ഹൃദയവാല്‍വിന്റെ ഗുരുതര തകരാറാണ് പ്രധാന പ്രശ്‌നം. 24 മണിക്കൂര്‍ നിരീക്ഷണത്തിലൂടെ കുട്ടിയെ ശസ്ത്രക്രിയക്ക് സജ്ജമാക്കണം.
ശസ്ത്രക്രിയക്ക് മുമ്പ് വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തണം. അതിനായി മരുന്നുകള്‍ നല്‍കും. ഒപ്പം അണുബാധയില്ലെന്ന് ഉറപ്പും വരുത്തണം.ഇവയെല്ലാം കൃത്യമായി പരിശോധിച്ച് കുഞ്ഞ് ശരീരം സാധാരണനിലയില്‍ ആക്കിയതിന് ശേഷം മാത്രം ആകും ശസ്ത്രക്രിയയില്‍ തീരുമാനം എടുക്കുക. 24 മണിക്കൂറിന് ശേഷം അനുകൂലമായ തീരുമാനം പങ്ക് വയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.