പ്രമുഖരുടെ കാര്യം കഷ്ടത്തിലാകും ; ടിക്ക് ടോക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ജനപ്രിയ ആപ്പ് ആയ ടിക്ക് ടോക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ടിക്ക് ടോക്ക് നീക്കം ചെയ്യാന്‍ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയംആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടിക്ക് ടോക്ക് നല്‍കിയ ഹര്‍ജി തള്ളി ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ ഈ നടപടി.

ഏപ്രില്‍ മൂന്നിനാണ് ടിക്ക് ടോക്ക് ഡൗണ്‍ലോഡിംഗ് നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ ടിക്ക് ടോക്ക് അധികൃതര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ ഹര്‍ജി ഏപ്രില്‍ 22ലേക്ക് മാറ്റിവെക്കുകയായിരുന്നു.

തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ‘തേഡ് പാര്‍ട്ടികള്‍’ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ വിധി വിവേചനപരമാണെന്നും ടിക്ക് ടോക്ക് അധികൃതര്‍ പ്രതികരിച്ചു. ഇതേ ന്യായം തന്നെയാണ് മുമ്പ് ഫേസ്ബുക്കും യൂട്യൂബും തേഡ് പാര്‍ട്ടി കണ്ടന്റ് അപ്ലോഡിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉന്നയിച്ചിരുന്നത്.

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തങ്ങള്‍ക്ക് വശ്വാസമുണ്ടെന്നും മോശം വീഡിയോകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ തങ്ങള്‍ ആരംഭിച്ചുവെന്നും ടിക്ക് ടോക്ക് അധികൃതര്‍ പറയുന്നു. തങ്ങളുടെ നിബന്ധനകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും എതിരായി അപ്ലോഡ് ചെയ്യപ്പെട്ട ആറ് മില്യണിലധികം വീഡിയോകള്‍ തങ്ങള്‍ നീക്കം ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ടിക് ടോക്കില്‍ സ്ത്രീ വേഷം കെട്ടി വീഡിയോ ചെയ്ത ഒരു യുവാവ് മാനക്കേട് കാരണം ആത്മഹത്യ ചെയ്തിരുന്നു ഇതാണ് തമിഴ് നാട്ടില്‍ ടിക് ടോക്കിനെതിരെ സര്‍ക്കാര്‍ തിരിയുവാന്‍ കാരണം. കൂടാതെ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന തരത്തിലാണ് ചില വീഡിയോകള്‍ പോസ്റ്റ് ആകുന്നത്. ടിക് ടോക്ക് നിരോധിച്ചാല്‍ അത് കാരണം പ്രശസ്തരായ കുറെപ്പേരുടെ ജീവിതമാണ് കഷ്ട്ടത്തിലാകാന്‍ പോകുന്നത്.