ലക്ഷക്കണക്കിന് ഭവന യൂണിറ്റുകളുടെ നിര്‍മാണം രാജ്യത്ത് വൈകുന്നു ; കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍

ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലായി 5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകുന്നതായാണ് പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അനാറോക്കിന്റെ റിപ്പോര്‍ട്ട് . 4.5 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഭവന യൂണിറ്റുകളാണ് നിശ്ചയിച്ച കാലപരിധി കഴിഞ്ഞിട്ടും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ കിടക്കുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭവന യൂണിറ്റുകളുടെ നിര്‍മാണത്തെ സംബന്ധിച്ച അനാറോക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), മുംബൈ മെട്രോപൊളീറ്റന്‍, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ഈ പദ്ധതികള്‍. 2013 ന് മുന്‍പ് നിര്‍മാണം ആരംഭിച്ചവയാണിവ. ഈ പ്രശ്‌നം മൂലം ഭവന യൂണിറ്റുകള്‍ വാങ്ങാനിരിക്കുന്നവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും മാനസിക സമ്മര്‍ദത്തിലുമാണെന്ന് അനാറോക്ക് സ്ഥാപകനും ചെയര്‍മാനുമായ അനുജ് പുരി പറയുന്നു.

പദ്ധതിക്കുളള പണം ലഭ്യമല്ലാത്തതും അനുമതികള്‍ ലഭിക്കുന്നതിനുളള കാലതാമസവും നിര്‍മാണം വൈകുന്നതിന് കാരണമാകുന്നതായി അനുരാജ് പുരി അഭിപ്രായപ്പെടുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് (റെറ) നിലവില്‍ വരുന്നതിന് മുമ്പ് നിര്‍മാണം ആരംഭിച്ച പല പദ്ധതികള്‍ക്കും പിന്നീട് വന്ന ചില നിബന്ധനകള്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായും അനുരാജ് പുരി ചൂണ്ടിക്കാട്ടുന്നു.