ബിജെപിക്ക് ആരൊക്കെ വോട്ട് ചെയ്തു എന്നറിയാൻ മോദി പോളിംഗ് ബൂത്തുകളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ്

ഫത്തേപൂരിലെ എം.എല്‍.എ രമേഷ് കാട്ടാരയാണ് വിവാദ പ്രസ്താവനയിലൂടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി ആരൊക്കെ വോട്ടു ചെയ്തെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോളിംഗ്ബൂത്തുകളില്‍ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ടെന്നാണ് എം എല്‍ എ പ്രസംഗിച്ചത്.

കോണ്‍ഗ്രസിനാണോ ബി.ജെ.പിക്കാണോ നിങ്ങള്‍ വോട്ടു ചെയ്തതെന്ന് ഡല്‍ഹിയില്‍ ഇരുന്ന് മോദി കാണുമെന്നും അതിന്റെ അടിസ്ഥാനത്തിലെ ഇനി സര്‍ക്കാരിന്റെ സഹായങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും എം.എല്‍.എ പ്രസംഗിച്ചു. ദഹോദ് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജസ്വന്ത്സിന്‍ഹ് ബാബോറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലായിരുന്നു രമേഷിന്റെ വിവാദ പരാമര്‍ശം.

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എറെയുള്ള ദഹോദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബാബു കാട്ടാരയാണ് ജസ്വന്ത്സിന്‍ഹിന്റെ എതിരാളി. 2017-ലെ തെരഞ്ഞെടുപ്പില്‍ ദഹോദ് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളില്‍ നാലെണ്ണം ബി.ജെ.പിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ് ലഭിച്ചത്.

നേരത്തെ വഹോദിയയിലെ ബി.ജെ.പി എം.എല്‍.എ മധു ശ്രീവസ്തവയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നിരുന്നു. ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നായിരുന്നു മധു ശ്രീവസ്തവയുടെ ഭീഷണി. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.