കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ; പിന്നില്‍ മോദിയെന്നു സ്റ്റാലിൻ

തൂത്തുക്കുടി : ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.അതേ സമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തു വന്നിട്ടുണ്ട്. റെയ്ഡിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്നും എഐഎഡിഎംകെ, ബിജെപി നേതാക്കളുടെ വീട്ടില്‍ ഇത്തരത്തില്‍ റെയ്ഡുകള്‍ നടക്കാത്തത് അതുകൊണ്ടാണെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്റെ പത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഏതാണ്ട് എട്ടേമുക്കാലോടെയാണ് ഒരു സംഘം ഉദ്യോഗസ്ഥര്‍ കനിമൊഴിയുടെ വീട്ടിലെത്തിയത്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലാണ് റെയ്ഡ്. കണക്കില്‍പ്പെടാത്ത പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്നാണ് റെയ്‌ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.

ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇന്ന് റദ്ദാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് കനിമൊഴി.കണക്കില്‍പ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാര്‍ത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണില്‍ നിന്ന് പിടിച്ചതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകള്‍ക്കകമാണ് ഡിഎംകെയുടെ ദേശീയ മുഖമായ കനിമൊഴിയുടെ വീട്ടിലും റെയ്ഡുകള്‍ നടക്കുന്നത്. കനിമൊഴിയുടെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണിത്.

അതേസമയം, ഇത് രാഷ്ട്രീയപകപോക്കലാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. ”ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍ രാജന്‍ നിരവധി കോടി രൂപ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകള്‍ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അടിയന്തരമായി മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാന്‍ ഉപയോഗിക്കുകയാണ്.” ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന്‍ ആരോപിച്ചു.

ഏപ്രില്‍ 18-നാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. അടുത്ത ദിവസം നിശ്ശബ്ദപ്രചാരണമായതിനാല്‍ ഡിഎംകെ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ പരസ്യമായി പ്രതികരണം നടത്താനാകില്ല. കനിമൊഴിക്കും പ്രതികരിക്കാനാകില്ല. പാര്‍ട്ടികളുടെ പ്രധാന, താര പ്രചാരകര്‍ക്കാര്‍ക്കും ഇതേക്കുറിച്ച് മാധ്യമങ്ങളിലൂടെപ്പോലും പ്രതികരിക്കാനുമാകില്ല.