ശബരിമല പരാമർശം ;മോദിക്ക് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമര്‍ശത്തിനു എതിരെ പരാതിയുമായി സിപിഎം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം പരാതി നല്‍കിയത്. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നല്‍കിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെങ്കിലും ശബരിമല വിഷയം തുറന്ന് പറഞ്ഞ് വോട്ട് പിടിക്കുമെന്നുള്ള ബിജെപി നിലപാട് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍. ശബരിമല യുവതീപ്രവേശം പറയാതെ പറഞ്ഞും കര്‍മ്മ സമിതിയേക്കൊണ്ട് ഉന്നയിപ്പിച്ചുമൊക്കെ നീങ്ങിയിരുന്ന ബിജെപി, നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗത്തോടെയാണ് കളം മാറ്റിച്ചവിട്ടിയത്. എന്നാല്‍ അത് കേരളത്തില്‍ മാത്രം ഒതുക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് മോദി വ്യക്തമാക്കി.
ചെന്നെയിലും മംഗലാപുരത്തും പൊതുയോഗങ്ങളില്‍ മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. വിശ്വാസം തകര്‍ക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കുകയാണെന്ന് തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയ മോദി അതില്‍ മുസ്ലിംലീഗിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു.