സ്ത്രീ വിരുദ്ധ വീഡിയോ ; കെ സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കുറ്റം ചൂമത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. സുധാകരനു വേണ്ടി തയ്യാറാക്കിയ പ്രചരണ വീഡിയോയിലാണ് വിവാദ പരാമര്‍ശം. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിതാ കമ്മിഷന്‍ നടപടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്റും നീളുന്ന വിഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്.

സ്വത്ത് തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പരോക്ഷമായി എതിര്‍ സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ വിമര്‍ശിക്കുന്നത്. ‘ആണ്‍കുട്ടി’യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വിഡിയോയില്‍ പറയുന്നു. പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്നും ഒരു കഥാപാത്രം പറയുന്നു. തിങ്കളാഴ്ചയാണ് കെ സുധാകരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തത്.

‘ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.’ ‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്.

അതിനിടെ കെ സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പെരുമാറ്റ ചട്ട ലംഘനം വീഡിയോയില്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കില്‍ നടപടി എടുക്കാനും കളക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.