പിണറായിയും മോദിയും ചേര്‍ന്ന് കേരളത്തിനെ രണ്ടാക്കി എന്ന് എ കെ ആന്റണി

വിശ്വാസ പ്രശ്‌നം നാട്ടില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണം രണ്ടുപേരാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഉറക്കം നടിച്ച പ്രധാനമന്ത്രി മോദിയും എടുത്തു ചാടി ശബരിമല വിധി നടപ്പാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനുമാണ് അവര്‍ രണ്ട് പേര്‍. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി ശബരിമല വിഷയത്തില്‍ പക്വത കാണിച്ചില്ല.

കേരളത്തെ രണ്ടാക്കിയത് പിണറായിയും മോദിയും ചേര്‍ന്നാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയപ്പോള്‍ പിണറായിക്ക് സമനില തെറ്റി. ഇടതുപക്ഷത്തിന് ഇപ്പോള്‍ കഷ്ടകാലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റാല്‍ പിണറായിയുടെ അഹങ്കാരം കുറയുമെന്നും എ കെ ആന്റണി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ ആക്രമിക്കാത്തത് എന്ത് എന്നാണ് ചോദ്യം. താന്‍ പോലും ഇപ്പൊള്‍ ഇടതുപക്ഷത്തിന് എതിരെ ഒന്നും പറയാറില്ല. മോഡിയെ താഴയിറക്കുക എന്നതാണ് ലക്ഷ്യം. ഇടതുപക്ഷം കാഴ്ചക്കാരാണ്. ബിജെപിയും കോണ്‍ഗ്രസ് സഖ്യകക്ഷികളും തമ്മിലാണ് മല്‍സരമെന്നും എ കെ ആന്റണി പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നുകൂട. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ആശയമാണ് ആര്‍എസ്എസ് നടപ്പാക്കുന്നത്. മോദി ദേശീയ മൂല്യങ്ങളില്‍ വെള്ളം ചേര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് അവര്‍. ദീര്‍ഘ നിദ്രയ്ക്ക് ശേഷം ഉണര്‍ന്നു വരുന്ന കുംഭകര്‍ണനെ പോലെയാണ് നരേന്ദ്രമോദി. സാമ്പത്തിക വളര്‍ച്ചയുടെ ആനുകൂല്യങ്ങള്‍ പോകുന്നത് കോര്‍പ്പറേറ്റ് കുടുംബങ്ങളിലേക്കാണ്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് 144 പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ആര്‍എസ്എസുകാരെ ഇറക്കി കലാപവും ഉണ്ടാക്കി. ഇതാണ് മോദി ചെയ്തത്. ശബരിമല കേസില്‍ വാദം നടക്കുമ്പോള്‍ മോദി എവിടെ ആയിരുന്നു. വിധി വന്നതിന് ശേഷവും എവിടെ ആയിരുന്നു. കേസ് നല്‍കിയത് ബിജെപി കുടുംബാംഗമാണ്. ഒന്നുകില്‍ മോദി ഉറങ്ങി, അല്ലെങ്കില്‍ ഉറക്കം നടിച്ചു കിടന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.