രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് നരേന്ദ്രമോദി
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയാണ്. വന്‍ ജനക്കൂട്ടമാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്.
മാര്‍ത്താണ്ഡവര്‍മയെയും വക്കം അബ്ദുള്‍ഖാദര്‍ മൗലവിയെയും സ്മരിക്കുന്നു എന്ന് പറഞ്ഞു പ്രസംഗം തുടങ്ങിയ മോദി എപ്പോഴത്തെയും പോലെ രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ചു തന്നെയാണ് മോദി ഇവിടെയും സംസാരിച്ചത്. രാഹുല്‍ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച മോദി. ”കേരളത്തില്‍ വന്ന് മത്സരിക്കുന്നത് യോജിപ്പിന്റെ സന്ദേശമാണെന്നല്ലേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?”, എന്നും ചോദിക്കുന്നു.
‘ഇവിടെ തമ്മില്‍ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം.’, മോദി ആരോപിക്കുന്നു.
ലാളിത്യം കൊണ്ടും നന്മ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ എന്നും മോദി പറഞ്ഞു. ഇന്ന് മൊബൈല്‍ തൊട്ട് മിസൈല്‍ വരെയുള്ള എല്ലാ സാങ്കേതിക വിദ്യയും ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കാം. ബഹിരാകാശത്ത് നിന്ന് ഏതെങ്കിലും ഛിദ്രശക്തികള്‍ നമ്മളെ ആക്രമിച്ചാല്‍ എന്ത് ചെയ്യും? ഇത്തവണത്തെ തെരഞ്ഞെടുപ്പ് സര്‍ക്കാരുണ്ടാക്കാന്‍ മാത്രമല്ല, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തിയാക്കാന്‍ കൂടി വേണ്ടിയാണ് എന്നും മോദി കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് പരിപാടി തുടങ്ങുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ട് മണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്.