മംഗലാപുരത്തെ കുഞ്ഞിന്‍റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി

കേരളം ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥന നടത്തിയ ആ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണി വരെ ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് പൂര്‍ത്തിയായത്. കുഞ്ഞ് ഇപ്പോള്‍ വിദഗ്ധ നിരീക്ഷണത്തിലാണ്.

കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ ചെയ്തത്. തീരെ കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെ, അവധാനതയോടെ ചെയ്യേണ്ട ശസ്ത്രക്രിയയാണ് നടത്തേണ്ടിയിരുന്നത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടതും. കുഞ്ഞിന്റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം ശരിയാക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.

അടുത്ത 48 മണിക്കൂര്‍ നിര്‍ണായക സമയമായാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കാര്‍ഡിയോ പള്‍മിനറി ബൈപ്പാസില്‍ നിന്നും ഭേദപ്പെടാനുള്ള സമയം മുഴുവന്‍ കുഞ്ഞ് ഐസിയുവില്‍ ആയിരിക്കും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രില്‍ 16-നാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് അമൃത ആശുപത്രിയിലെത്തിച്ചത്. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്.