ശാസ്ത്രത്തിന് അത്ഭുതമായി 4000 വര്‍ഷം പഴക്കമുള്ള ശവക്കല്ലറയിലെ നിറം മങ്ങാത്ത ചിത്രങ്ങള്‍
ലോകത്തിനു എപ്പോഴും അത്ഭുതമാണ് ഈജിപ്റ്റിലെ ശവക്കല്ലറകള്‍.ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള കല്ലറകളില്‍ മനുഷ്യന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രഹസ്യങ്ങളാണ് ഒളിഞ്ഞു കിടക്കുന്നത്. അത്തരത്തില്‍ 4000 വര്‍ഷം പഴക്കമുള്ള ഒരു കല്ലറ തുറന്നപ്പോള്‍ അതില്‍ നിന്നും അത്ഭുതകരമായ കാഴ്ചകളാണ് ഗവേഷകര്‍ക്ക് കണ്ടെടുക്കാനായത്. കെയ്‌റോയുടെ തെക്കുഭാഗത്തുള്ള സഖറയില്‍ കണ്ടെത്തിയ ‘ഖുവി’ ശവക്കല്ലറയില്‍ നിന്നും രാജകീയ വര്‍ണങ്ങളായി പരിഗണിക്കപ്പെടുന്ന വര്‍ണങ്ങളുപയോഗിച്ചുള്ള ചിത്രങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
ബിസി 25-24 കാലത്ത് നിലനിന്ന അഞ്ചാം രാജവംശകാലത്തെ പ്രമുഖ വ്യക്തികളിലൊരാളായ ‘ഖുവി’ എന്നു പേരുള്ള പ്രമുഖന്റെ ആയിരുന്നു കല്ലറയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഈജിപ്തിലെ പുരാവസ്തു വകുപ്പ് ഈ ശവക്കല്ലറയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടത്. മാത്രമല്ല, ഖുവിയുടെ എംബാം ചെയ്ത ആന്തരിക അവയവങ്ങളും ശവക്കല്ലറയ്ക്കടുത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് അക്ഷരം ‘എല്‍’ എന്ന ആകൃതിയിലാണ് കല്ലറ നിര്‍മ്മിച്ചിരിക്കുന്നത്. കല്ലറയ്ക്ക് അകത്തുള്ള മുറിയിലാണ് രാജകീയ വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള അതിമനോഹര ചിത്രങ്ങള്‍ ഉള്ളത്. ഉപഹാരങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ഖുവിയുടെ ചിത്രമാണ് കല്ലറയിലുള്ളത്. ശവക്കല്ലറയുടെ നിര്‍മിതിയില്‍ കൊണ്ടുവന്ന പുതുമ പ്രതിഫലിക്കുന്നതാണ് ഇതിന്റെ നിര്‍മ്മിതി. ഇത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ചിത്രങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകള്‍ വരാത്തത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.